മുക്കം: ഹിന്ദുധർമ്മ സംരക്ഷണ സമിതി പ്രസിഡന്റ് കപ്യേടത്ത് ചന്ദ്രന് ഇത്തവണത്തെ റംസാൻ സ്‌പെഷ്യലാണ്. മുടങ്ങാതെ മുഴുവൻ നോമ്പുമെടുത്താണ് ചന്ദ്രൻ റംസാന്റെ പുണ്യം നുകരുന്നത്. നോമ്പിന്റെ ഭാഗമായ ഫിത്വർ സക്കാത്തും ഇദ്ദേഹം നൽകി. റംസാൻ കഴിഞ്ഞുള്ള ആറു നോമ്പ് കൂടി എടുക്കണമെന്നാണ് ചന്ദ്രൻ പറയുന്നത്.
കുട്ടിക്കാലം മുതൽ മനസിലുള്ള ആഗ്രമായിരുന്നു നോമ്പെടുക്കൽ. എന്നാൽ നിശ്ചിതസമയം ഭക്ഷണം കഴിക്കാതിരുന്നാലുണ്ടാകുന്ന അവശത സംബന്ധിച്ച ആശങ്കയാണ് പിന്തിരിപ്പിച്ചത്. പൗരത്വ ഭേദഗതിക്കെതിരെ ഹിന്ദു ധർമ്മ സംരക്ഷണ സമിതി നടത്തിയ ഉപവാസത്തിൽ പങ്കെടുത്ത് ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നപ്പോൾ ആശങ്ക അകന്നു. അതോടെ നോമ്പെടുക്കാനുള്ള ആത്മവിശ്വാസം സ്വന്തമാക്കി.
വിഷയം വീട്ടിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ അമ്മ ദേവകിയും ഭാര്യ പ്രസന്നയും പിന്തുണച്ചു. പുലർച്ചെ സുബഹി ബാങ്കിന് മുമ്പ് രണ്ട് നേന്ത്രപ്പഴം കഴിച്ചാണ് നോമ്പ് തുടങ്ങുന്നത്. മുക്കം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായ ചന്ദ്രൻ തുടർന്ന് തന്റെ ജോലിയിൽ മുഴുകും. വൈകിട്ട് മഗരിബ് ബാങ്ക് കേൾക്കുന്നതോടെ കാരക്കയും നാരങ്ങവെള്ളവുമായി നോമ്പ് തുറക്കും. ചിലപ്പോൾ തരിക്കഞ്ഞിയുമുണ്ടാകും. ചപ്പാത്തിയും കറിയുമാണ് മറ്റു വിഭവം. വീട്ടിൽ രണ്ടു കൊച്ചു കുട്ടികളും ചില ദിവസങ്ങളിൽ നോമ്പെടുക്കാറുണ്ട്. കോൺഗ്രസ് പ്രവർത്തകനായ ചന്ദ്രൻ മണാശ്ശേരി സമന്വയ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.
'വ്രതം മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉണർവും മാത്രമല്ല ധൈര്യവും നൽകുന്നുണ്ട്".
- കപ്യേടത്ത് ചന്ദ്രൻ