സുൽത്താൻ ബത്തേരി: തരിശായി കിടക്കുന്ന ഭൂമിയിൽ കനകം വിളയിക്കാൻ വാട്സ് ആപ്പ് കൂട്ടായ്മ. ഇന്നലെ വരെ തരിശായി കിടന്ന ഭൂമിയിലാണ് ഇഞ്ചി,ചേന, വാഴ തുടങ്ങി വിവിധങ്ങളായ പച്ചക്കറികൾ കൃഷിയിറക്കിയത്. ഇതിനു പുറമെ നെൽകൃഷിക്ക്‌വേണ്ടി പാടം ഒരുക്കിയിട്ടിരിക്കുകയുമാണ്.
നെന്മേനി പഞ്ചായത്തിലെ മലവയലിലാണ് നാടിന് മാതൃകയായി യുവജനകൂട്ടായ്മ രൂപം കൊണ്ടത്. ലോക് ഡൗൺ സമയത്താണ് ഇവർ വാട്സ് ആപ്പ് കൂട്ടായ്മ തുടങ്ങിയത്. വാട്സ് ആപ്പിലൂടെ പരസ്പരം ആശയങ്ങൾ പങ്കുവെച്ചു. നാളെക്കുവേണ്ടി എന്ത്‌ചെയ്യാൻ കഴിയുമെന്നതായിരുന്നു കൂട്ടായ്മയുടെ ചർച്ച. അങ്ങനെയാണ് കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ഇതിന്‌വേണ്ടി സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. നിലവിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ഭൂമിക്ക് പകരം തരിശായി കിടക്കുന്ന ഭൂമി മതിയെന്ന് യുവാക്കൾ തീരുമാനിച്ചു. തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കിയാൽ ഇത്തരം സ്ഥലങ്ങളിൽ കൃഷിയിറക്കാമെന്ന് ഇത് കാണുന്നവർക്കും പ്രചോദനമാകുമെന്നതിനാലാണ് കൃഷിക്ക് തരിശ് സ്ഥലം മതിയെന്ന് തീരുമാനിച്ചത്.
കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനം സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനാണ് വിനിയോഗിക്കുക. ഇതറിഞ്ഞതോടെ നിരവധി കർഷകർ അവരുടെ പത്ത് സെന്റ് മുതൽ ഒരു ഏക്കർ വരെ കൃഷി ചെയ്യാതിട്ടിരിക്കുന്ന സ്ഥലങ്ങൾ യുവജനകൂട്ടായ്മക്ക് കൃഷി ചെയ്യാനായി വിട്ട് നൽകി. ഇങ്ങനെ തരിശ് കിടന്ന ആറ് ഏക്കർ ഭൂമിയിലാണ് കൂട്ടായ്മ കൃഷിയിറക്കിയിരിക്കുന്നത്.
സ്ഥലം നൽകിയതിന് പുറമെ പലരും പണവും വിത്തുകളും നൽകി ഈ സംരംഭത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ ഇഞ്ചി,ചേന, കപ്പ, നാടൻ വാഴകൾ, മുളക്, വഴുതന, പയർ, പാവൽ, പടവലം, വെണ്ട, വെള്ളരി തുടങ്ങിയവ വളർന്ന്‌കൊണ്ടിരിക്കുകയാണ്.
മുതിർന്ന പൗരന്മാരും സഹായങ്ങളും ഉപദേശങ്ങളുമായി ഒപ്പമുണ്ട്. കെ.പി.കിഷോർ, റിജോഷ്‌ബേബി, ഫൈസൽ മലവയൽ, വി.ജെ.ഷാജഹാൻ, ഇൻഷാദ് ഉപ്പള എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റിയമ്പതോളം വരുന്ന വാട്സ്ആപ്പ് അംഗങ്ങളാണ് കൃഷിയിൽ സജീവമായുള്ളത്.
ഫോട്ടോ
00-35-തരിശായി കിടന്ന ഭൂമിയിൽ ചേന നടുന്നു.