സുൽത്താൻ ബത്തേരി: തന്ത്രപ്രധാന മേഖലകൾ കേന്ദ്ര സർക്കാർ കുത്തകകൾക്ക് തീറെഴുതി നൽകുകയാണെന്ന് ആരോപിച്ച് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 26-ന് രാവിലെ 10 മണിക്ക് ജില്ലയിലെ അഞ്ഞൂറോളം യൂണിറ്റുകളിൽ ജീവനുവേണ്ടി നാടുണർത്തൽ പ്രതിഷേധം നടത്തുമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ അറിയിച്ചു.
ആദായ നികുതി അടയ്ക്കാത്ത മുഴുവൻ കുടുംബങ്ങൾക്കും അടിയന്തിര ധനസഹായമായി 7500 രൂപ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഒരു ലക്ഷംകോടിയായി ഉയർത്തുക, എല്ലാ ഗ്രാമീണ ദരിദ്രർക്കും 50 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കാളികളാകും.

പ്രതിഷേധ ദിനം ആചരിച്ചു
സുൽത്താൻ ബത്തേരി :കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ കുത്തകകൾക്ക് അനുകൂലമാക്കി മാറ്റുകയാണെന്നും,ജോലി സമയം 12 മണിക്കൂർ ആക്കുന്നതിലും പ്രതിഷേധിച്ച് ബത്തേരി താലൂക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബത്തേരി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. വി.വി.ബേബി ഉദ്ഘാടനം ചെയ്തു. ഉമ്മർ കുണ്ടാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള മാടക്കര, ജയപ്രകാശ് ,പി.കെ.രാമചന്ദ്രൻ, കെ.സി.യോഹന്നാൻ, ലതിക എന്നിവർ സംസാരിച്ചു.

ഫോട്ടോ
പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം വി.വി.ബേബി ഉദ്ഘാടനം ചെയ്യുന്നു.


മാസ്‌കുകൾ കൈമാറി
സുൽത്താൻ ബത്തേരി: ബത്തേരി ബ്ലോക്കിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി ജില്ലയിലെ എൻ.എസ്.എസ് വളണ്ടിയർമാർ തയ്യാറാക്കിയ മാസ്‌ക്കുകൾ നഗരസഭ ചെയർമാൻ ടി.എൽ.സാബു എൻ.എസ്.എസ്. ജില്ലാപ്രോഗ്രാം ഓഫീസർ കെ.എസ്. ശ്യാലിൽ നിന്ന് ഏറ്റുവാങ്ങി എസ്.എസ്.എ ബ്ലോക്ക്‌ പ്രോജക്ട്‌ കോർഡിനേറ്റർ ടി.രാജന് കൈമാറി. ജില്ലാപ്രോഗ്രാം ഓഫീസർ ഒ.പ്രമോദ്, കെ.ആർ.ഷാജൻ, ബി.അജികുമാർ, ടി.കെ.ബിനോയ്, എ.വി.രജീഷ് എന്നിവർ സംസാരിച്ചു.