സുൽത്താൻ ബത്തേരി: ലോക് ഡൗൺ ഇളവുകൾക്ക് ശേഷം ഇന്നലെ ജില്ലയിൽ ഇരുപതോളം സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. സർവ്വീസ് ആരംഭിച്ച വ്യാഴാഴ്ച ഒരു ബസ് മാത്രമാണ് സർവ്വീസ് നടത്തിയിരുന്നത്.
ഇന്നലെ ബത്തേരി, കൽപ്പറ്റ താലൂക്കുകളിലായാണ് ഇരുപതോളം ബസുകൾ സർവ്വീസ് നടത്തിയത്. അതേസമയം മാനന്തവാടി കണ്ടയ്‌മെന്റ് പ്രദേശമായതിനാൽ ആ മേഖലയിൽ ബസുകൾ സർവ്വീസ് നടത്തിയില്ല.
ബസിന്റെ അറ്റകുറ്റപണികൾ തീർത്ത് വരുംദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങുമെന്നാണ് സൂചന. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ തുടങ്ങുന്ന 26 മുതൽ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറക്കാൻ കഴിയുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാൻസ്‌പോർട്ട് ബസുകൾ നിരത്തിലിറക്കിയ ബത്തേരി ഡിപ്പോവിൽ നിന്ന് ഇന്നലെ 18 സർവ്വീസുകളാണ് ഓപ്പറേറ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ സർവ്വീസ് നടത്തിയ റൂട്ടിന് പുറമെ കരിപ്പൂർ സർവ്വീസാണ് കൂടുതലായി തുടങ്ങിയത്.
ഇന്ന് കെ.എസ്.ആർ.ടി.സിയുടെ 11 സർവ്വീസുകൾ മാത്രമെ ഉണ്ടയിരിക്കുകയുള്ളു. സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായതിനാലാണ് നിലവിൽ സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന ബസുകൾ വെട്ടിക്കുറച്ചത്. ഞായറാഴ്ച ലോക് ഡൗണായതിനാൽ ബസ് സർവ്വീസ് ഉണ്ടായിരിക്കില്ല.