കോഴിക്കോട്: ശവ്വാൽ മാസപ്പിറവി എവിടെയും കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റംസാൻ മുപ്പത് പൂർത്തിയാക്കുന്നതോടെ ഞായറാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
നാളെ റംസാൻ ആചരിക്കുമെന്ന് പാളയം ഇമാം വി.പി.ശുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ പെരുന്നാൾ നമസ്കാരം അവരവരുടെ വീടികളിലാണ്. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് മുസ്ലിം സമുദായ നേതാക്കൾ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും, സമത്വത്തിന്റെയും സഹനത്തിൻറെയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്തർ നൽകുന്നതെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.