ബാലുശ്ശേരി: മുതിർന്ന ബി.ജെ.പി നേതാവും ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പനങ്ങാട് കണ്ണാടിപ്പൊയിൽ ചങ്ങരോത്ത് കുന്നുമ്മൽ ബാലകൃഷണൻ (65) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടരയോടെ കുളി കഴിഞ്ഞ് ഇറങ്ങിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.
പരേതനായ കുട്ടിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പങ്കജ. മക്കൾ: ധനേഷ് (എൽ ആൻഡ് ടി മൈക്രോ ഫൈനാൻസ് മാനേജർ, താമരശ്ശേരി), ധന്യ. മരുമകൻ: രഞ്ജിത്ത് (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: പത്മനാഭൻ, വിശ്വനാഥൻ, സുകുമാരൻ, ശശികുമാർ.
പഴശ്ശിരാജ കോ - ഓപ്പറേറ്റിവ് സൊസൈറ്റി വികസന കാര്യസമിതി ചെയർമാനായിരുന്നു. ബി.ജെ.പി ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ല സംഘടനാ സെക്രട്ടറി, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നത്. 1964 മുതൽ രാഷ്ട്രീയ സ്വയം സേവക് സംഘം പ്രവർത്തകനാണ്. ഭാരതീയ ജനസംഘത്തിലൂടെ ജനതാ പാർട്ടിയിലെത്തി. 2001ൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ചിട്ടുണ്ട്.