നാദാപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആന്ധ്രയിൽ നിന്ന് ബസ്സിൽ നാദാപുരത്തെത്തിയ മദ്ധ്യവയസ്കനെ ക്വാറന്റെനിലാക്കി. നാദാപുരം ചാലപ്രം സ്വദേശിയായ അറുപതുകാരനാണ് ഇന്നലെ വൈകിട്ട് അഞ്ചിന് നാദാപുരത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ ആന്ധ്രയിൽ നിന്ന് പുറപ്പെട്ടത്.

വാഹനങ്ങൾ മാറിക്കയറി ഇന്നലെ രാവിലെ മലപ്പുറത്തെത്തി. അവിടുന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കോഴിക്കോട്ടെത്തിയത്. അവിടെ നിന്ന് മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ വടകര സ്റ്റാൻഡിലെത്തി. വടകരയിൽ നിന്ന് വളയത്തേക്ക് പോകാനായി സ്വകാര്യ ബസിൽ നാദാപുരം സ്റ്റാൻഡിലിറങ്ങുകയായിരുന്നു.

തൂണേരി ഗ്രാമപഞ്ചായത്ത് അധികൃതർ കോഴിക്കോട്ടേക്ക് ആംബുലൻസ് അയക്കാമെന്ന് അറിയിച്ചെന്നു വണ്ടി വരാത്തതിനെ തുടർന്ന് ബസിൽ നാദാപുരത്ത് ഇറങ്ങിയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളെ കണ്ട് സംശയം തോന്നിയ പ്രദേശവാസികൾ വിവരം തിരക്കിയപ്പോഴാണ് ആന്ധ്രയിൽ നിന്നാണ് എത്തിയതെന്ന് മനസിലായത്. ഉടൻഇയാളെ ആംബുലൻസിൽ നാദാപുരം ചാലപ്രത്തെ ക്വാറന്റൈനിൽ കേന്ദ്രത്തിലേക്ക് മാറ്റി.