കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠനവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ഹൗസ് സർജ്ജൻമാരെ മാത്രം നിർബന്ധമായും റൂറൽ പോസ്റ്റിംഗിന് വിടണമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു.
അടിയന്തരസാഹചര്യങ്ങളിൽ സാധാരണക്കാർക്ക് വൈദ്യസേവനം ലഭ്യമാക്കാൻ സർക്കാർ എല്ലാ വിഭാഗക്കാരുടെയും പിന്തുണ തേടണം. അതിനുപകരം, ഉയർന്ന റാങ്ക് നേടി സർക്കാർ ക്വാട്ടയിൽ മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ തുടർപഠനത്തെ പോലും പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ അവരെ മാത്രം റഫറൽ ഡ്യൂട്ടി എന്ന പേരിൽ വിടുന്നത് ശരിയല്ല. രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സിക്കാനുള്ള അനുവാദം കൊടുക്കുന്നതും അംഗീകരിക്കാനാവില്ല. സ്വകാര്യ മെഡിക്കൽ കോളേജുകാരെ അവഗണിക്കേണ്ടതില്ല. രജിസ്‌ട്രേഷൻ ഇല്ലാതെയുള്ള ചികിത്സയിൽ പിഴവു സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ പോലും രോഗികൾക്ക് കിട്ടാനിടയില്ല. രജിസ്‌ട്രേഷൻ ലഭ്യമാക്കിയ ശേഷം വിവേചനമില്ലാതെ എല്ലാവരെയും റഫറൽ ഡ്യൂട്ടിയ്ക്ക് തിരഞ്ഞെടുക്കുകയാണ് വേണ്ടത്.