കോഴിക്കോട് : പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും അനീതികൾക്കെതിരെ പൊരുതാനും പ്രതിസന്ധികളിൽ പ്രതീക്ഷയോടെ മുന്നോട്ട് പോകാനുമാണ് ഈദുൽ ഫിതർ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് ഈദ് സന്ദേശത്തിൽ പറഞ്ഞു.
വ്രതാനുഷ്ഠാനത്തിലൂടെ സ്വാർത്ഥതയ്ക്കും ദേഹേച്ഛയ്ക്കുമെതിരെ സ്വന്തം ജീവിതത്തിൽ ദൈവേച്ഛയെ സ്ഥാപിക്കുകയായിരുന്നു റംസാൻ.
കൊവിഡിന് മുന്നിൽ ലോകം സ്തംഭിച്ചു നിൽക്കുകയാണ്. മൂന്നര ലക്ഷത്തോളം പേർ മരിച്ചു. ലക്ഷക്കണക്കിനാളുകൾ രോഗത്തിന്റെ പിടിയിലാണ്. അവരോട് ഐക്യപ്പെടാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും എടുത്തെറിയപ്പെട്ട പതിനായിരങ്ങളെ ചേർത്തു നിർത്താനും വിഭവങ്ങൾ പങ്ക് വയ്ക്കാനും ആഘോഷാവസരം ഉപയോഗപ്പെടുത്തണം. ലോകത്ത് മർദ്ദിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കാനും അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു.