covid-19

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരുൾപ്പെടെ നാല് പേർക്ക് ഇന്നലെ കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രി ജീവനക്കാരായ ചോമ്പാല സ്വദേശിനി (48), മടപ്പള്ളി സ്വദേശിനി (53), ചെന്നൈയിൽ നിന്നെത്തിയ ഓർക്കാട്ടേരി സ്വദേശി (56), ന്യൂഡൽഹി തിരുവനന്തപുരം സ്‌പെഷൽ ട്രെയിനിലെത്തിയ മുംബയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ബാലുശ്ശേരി വട്ടോളി സ്വദേശി (29) എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

തലശ്ശേരി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ജോലിക്കുണ്ടായിരുന്ന രണ്ട് ആരോഗ്യ പ്രവർത്തകരും കണ്ണൂരിലാണ് ചികിത്സയിലുള്ളത്. ഓർക്കാട്ടേരി സ്വദേശി മേയ് 21 ന് ചെന്നൈയിൽ നിന്ന് സ്വന്തം വാഹനത്തിൽ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണെത്തിയത്. ഇപ്പോൾ അവിടെ ചികിത്സയിലാണ്. മേയ് 21 ന് ന്യൂഡൽഹി - തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ വന്ന ബാലുശ്ശേരി വട്ടോളി സ്വദേശിയെ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

20 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും നാല് പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും അഞ്ച് പേർ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. കൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസർകോട്, കണ്ണൂർ, വയനാട് സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.