aderam
വടകര നഗരത്തിൽ ഏഴര പതിറ്റാണ്ട് മത്സ്യ വിൽപ്പന നടത്തിയ മൂസയെ വടകര ടൗൺ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി വത്സലൻ പൊന്നാട അണിയിക്കുന്നു.

വടകര: ഏഴര പതിറ്റാണ്ട് കാലം നഗരത്തിൽ മത്സ്യ വിൽപ്പന നടത്തിയ കുറുമ്പയിൽ കണിയാങ്കണ്ടി മൂസയെ വടകര ടൗൺ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ആദരിച്ചു. ഒമ്പത് വയസു മുതൽ തുടങ്ങിയതാണ് മൂസയുടെ മത്സ്യ വിൽപ്പന. പരമ്പരാഗത രീതിയിൽ മത്സ്യം നിറച്ച കാവും ചുമലിലേന്തി മത്സ്യവിതരണം നടത്തുന്ന വയോധികൻ കാഴ്ചക്കാർക്ക് കൗതുകമായിരുന്നു. മൂന്നുവർഷം മുമ്പ് വരെ കാവുമായി മൂസ മത്സ്യ വിൽപ്പന നടത്തിയിരുന്നു. പാർക്ക് റോഡ്, അടക്കാത്തെരു, കക്കുഴിമുക്ക്, ചെറുശ്ശേരി റോഡ്, ആമ്പി മുക്ക്, പുതിയാപ്പ്, മാക്കൂൽ പീടിക, കുറുമ്പയിൽ എന്നിവിടങ്ങളിൽ മുടങ്ങാതെ മത്സ്യവുമായി മൂസ എത്തും. 80ന്റെ അവശതകൾ മൂസയെ ബാധിച്ചപ്പോൾ എട്ട് മാസം മുമ്പ് മത്സ്യ വിൽപ്പന നിർത്തി. പെരുന്നാൾ തലേന്ന് വടകര ടൗൺ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി വത്സലൻ മൂസയെ പൊന്നാട അണിയിച്ചു. റംസാൻ കിറ്റും ഉപഹാരവും നൽകി. സെക്രട്ടറി ആർ രജീഷ്, ഇ.എസ്.വിജീഷ്, കെ.പി . ദിനേശൻ, കെ.കെ .കൃഷ്ണദാസ്, പറമ്പത്ത് ദാമോദരൻ, എം.കെ .വിനോദൻ എന്നിവർ പങ്കെടുത്തു.