കോഴിക്കോട് : കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെ.എം.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടന നിലനിർത്തുന്നതിന് സഹായം ചെയ്യുന്ന പ്രവാസികളെ സർക്കാർ അവഗണിക്കരുത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ കടുത്ത അവഗണനയാണ് സർക്കാർ കാണിക്കുന്നത്. ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണം.

ഗൾഫിൽ നിന്നുള്ള വിമാനങ്ങളിൽ മുൻഗണനാക്രമം പാലിക്കപ്പെടുന്നില്ല. രോഗികൾക്കും ഗർഭിണികൾക്കും വിസ കാലാവധി തീർന്നവർക്കും മുൻഗണന നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി .മുഹമ്മദ്കുട്ടി, ദുബയ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, കെ.എം.സി.സി നേതാക്കളായ ഒ.കെ ഇബ്രാഹിം, എം.മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.