കോഴിക്കോട്: മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കാൻ ശക്തമായ സംവിധാനം ജില്ലയിൽ ഒരുക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ദുരന്തങ്ങൾ ഉണ്ടാകാനിടയുള്ള പ്രദേശങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. ദുരന്ത ലഘൂകരണ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്‌കരിക്കണം.
വെള്ളപ്പൊക്കമുണ്ടായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ ക്യാമ്പുകൾ നടത്താൻ കഴിയില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും എന്നത് മുൻകൂട്ടി കണ്ടെത്തി അവരെ താമസിപ്പിക്കാൻ സൗകര്യമൊരുക്കണം. തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഓരോ പഞ്ചായത്തിലും ക്രമീകരണം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്തമുണ്ടായാൽ നേരിടാൻ ജില്ലയിലെ 9 യൂണിറ്റും സജ്ജമാണെന്ന് അഗ്നിശമന സേന അധികൃതർ അറിയിച്ചു. റോഡരികിലും വിദ്യാലയങ്ങളുടെ സമീപത്തും അപകടാവസ്ഥയിലായ മരങ്ങൾ നീക്കം ചെയ്യുന്നതിന് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ.ഡി.എം റോഷ്‌നി നാരായണൻ, ഡി.എം.ഒ ഡോ. വി. ജയശ്രീ, സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്, എ.സി.പി ചൈത്ര തെരേസ ജോൺ, റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.