പേരാമ്പ്ര: കുടുംബത്തിന്റെ പട്ടിണി മാറ്റാൻ കാട് വെട്ടി ഉപജീവനം കണ്ടെത്തി സതീഷ് രാജ്. കോട്ടൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന അവിലിടി കുന്നുമ്മൽ രാജൻ -ചന്ദ്രമതി ദമ്പതികളുടെ മകനാണ് ഒഴിവ് ദിനങ്ങളിൽ കാട് വെട്ടി കുടുംബത്തിന് ജീവിതം ഒരുക്കുന്നത്.
പ്രമേഹ രോഗിയായ അച്ഛൻ രോഗം മൂർച്ഛിച്ചതോടെ ജോലി നിർത്തിയതും ലോക്ക് ഡൗണിൽ അമ്മയുടെ ജോലി മുടങ്ങിയതും കുടുംബ ഭാരം ഈ വിദ്യാർത്ഥിയുടെ ചുമലിൽ വന്നു പതിച്ചു.
അച്ഛൻ ഉപയോഗിച്ച കാട് വെട്ടു യന്ത്രം ഉപയോഗിച്ചായിരുന്നു ആദ്യം പണിക്കിറങ്ങിയത് .അത് കേടായത് സതീഷിന് തിരിച്ചടിയായി. ലോക്ക് ഡൗൺ കാലത്ത് ക്ഷേമാന്വേഷണത്തിന് സ്‌കൂളിൽ നിന്ന് എത്തിയ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.സി.മുഹമ്മദ് സിറാജ് കുടുംബത്തിന്റെ പ്രയാസം കണ്ട് സതീഷിന് പുതിയ കാട് വെട്ടു യന്ത്രം വാങ്ങാൻ വഴി കണ്ടെത്തുകയായിരുന്നു. ജനുവരിയിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡിന്റെ സഹായത്തോടെ പേരാമ്പ്രയിലെ ഡയാന ലിസിക്ക് വീടൊരുക്കാൻ ഉത്സവരാവ് എന്ന പേരിൽ ഫണ്ട് സമാഹരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ വിദ്യാർത്ഥികൾ നടത്തിയ ചായക്കടയിൽ നിന്ന് ലഭിച്ച ലാഭവും പയ്യോളിയിലെ എ.കെ.അബ്ദുറഹ്മാൻ നൽകിയ സംഭാവനയും ചേർത്ത് സതീഷ് രാജിന് കാട് വെട്ടു യന്ത്രം വാങ്ങി നൽകി. നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ സതീഷ് രാജ് പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവു പുലർത്തുന്ന കുട്ടിയാണ്. നേരത്തെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് അംഗമായിരുന്നു. നാഷണൽ സർവീസ് സ്‌കീം വളണ്ടിയറായ സതീഷ് സംസ്ഥാന കബഡി ടീം അംഗം കൂടിയാണ്. വിദ്യാർത്ഥികളായ നാല് സഹോദരങ്ങളെ കൂടാതെ അച്ഛന്റെ സഹോദരന്റെ രണ്ട് മക്കളും സതീഷിന്റെ വീട്ടിലുണ്ട്. മഴക്കാലം വരുന്നതോടെ വീഴാറായ വീട്ടിൽ എങ്ങിനെ കഴിഞ്ഞു കൂടുമെന്ന ആധിയും സതീഷിനെ അലട്ടുന്നു.