arrest

മുക്കം: ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്‌നാട്ടിൽ നിന്ന് മുക്കത്തെത്തിയ വെല്ലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേനിയിൽ നിന്ന് വന്ന വെല്ലൂർ സ്വദേശി ഭൂപതിയാണ് (39) പിടിയിലായത്. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഇയാളെ മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ ക്വാറന്റൈനിലാക്കി.

ബുധനാഴ്‌ച രാവിലെ തേനിയിൽ നിന്ന് ബൈക്കിൽ ആണ്ടിപ്പെട്ടിയിലെത്തിയ ഇയാൾ അവിടെ നിന്ന് 20 കിലോമീറ്ററോളം പഴനി റൂട്ടിലൂടെ നടന്ന് പാലക്കാട്‌ റോഡിലെത്തി. രാത്രി‌ ചെക്ക്പോസ്റ്റിലെത്തിയ പാഴ്സൽ ലോറിയിൽ കയറി മണ്ണാർക്കാട്ടെത്തി. തുടർന്ന് കാൽനടയായി മഞ്ചേരിയിലെത്തി. അവിടുന്ന് കൊണ്ടോട്ടി വഴി മുക്കത്തെത്തുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് ഇയാളെ കണ്ടെത്തിയത്. ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിൽ മഫ്‌ത്തിത്തിയിൽ പൊലീസുകാരെ നിയോഗിച്ച് പരിശോധന കർശനമാക്കിയിട്ടുണ്ട്.