arrest

നാദാപുരം: കല്ലാച്ചിയിൽ നടന്ന വാഹന പരിശോധനയിൽ കഞ്ചാവുമായെത്തിയ യുവാവിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശി കുരുന്നൻകണ്ടി സൗജിക്കിനെയാണ് (21) നാദാപുരം സി.ഐ. എൻ.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 450 ഗ്രാം കഞ്ചാവും പിടികൂടി.

ഇന്നലെ രാവിലെ പത്തിന് സ്‌കൂട്ടറിൽ കല്ലാച്ചി ടൗണിലെത്തിയ സൗജിക്കിനെ പരിശോധനക്കായി പൊലീസ് തടഞ്ഞു നിർത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൗജിക്കിനെ എസ്.ഐ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള പരിശോധനയിലാണ് സ്‌കൂട്ടറിൽ അറുപത്തിനാല് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിമേലിലെ ഒരു വീട്ടിൽ വളയം പൊലീസ് പരിശോധന നടത്തി. വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.