കോഴിക്കോട്: റോഡുകളിൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും പെരുന്നാൾ തലേന്നത്തെ പതിവ് തിരക്ക് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളെ
ഇന്നലെ കൈവിട്ടു. ഏറെ വൈകിയും വലിയ തിരക്കനുഭവപ്പെടുന്ന മിഠായിത്തെരുവിലും മറ്റ് കച്ചവട കേന്ദ്രങ്ങളിലുമെല്ലാം നിയന്ത്രിതമായാണ് ആളുകളെത്തിയത്.
വൻ കച്ചവടം നടക്കുന്ന വസ്ത്ര ശാലകളിലും ചെരുപ്പു കടകളിലും ഫാൻസി കടകളിലുമെല്ലാം തിരക്ക് കുറവായിരുന്നു. ലോക്ക് ഡൗണിന് ശേഷം കച്ചവടം കിട്ടിയ ഏക ദിവസം ഇന്നലെയാണെന്ന് കടക്കാർ പറഞ്ഞു. മൊബൈൽ ഷോപ്പുകൾക്കും ഇലക്ട്രേണിക്സ് വിപണിക്കുമെല്ലാം നഷ്ടത്തിന്റെ കണക്ക് മാത്രമാണ് പറയാനുള്ളത്.
മിഠായി തെരുവിൽ നാല് മണിയ്‌ക്ക് ശേഷമാണ് ആളുകളെത്തിയത്. മാസ്കും സാനിറ്റൈസറും ഉപയോഗിച്ചാണ് ആളുകളെത്തിയത്. കുട്ടികളെയും പ്രായമായവരെയും ഒഴിവാക്കി അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വന്നവരായിരുന്നു അധികവും. തിരക്ക് നിയന്ത്രിക്കാൻ പൊലീസും രംഗത്തുണ്ടായിരുന്നു.
എന്നാൽ അവശ്യ സാധനങ്ങളുടെ മാർക്കറ്റുകളിൽ തിരക്കുണ്ടായിരുന്നു. മത്സ്യ - മാംസ കടകളിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നു. ചിക്കന് വൻ തോതിൽ വില വർദ്ധിപ്പിച്ചാണ് വിറ്റത്. 200 രൂപയ്‌ക്ക് മാത്രമേ വിൽക്കാവൂ എന്ന കളക്ടറുടെ നിർദ്ദേശത്തെ മറികടന്നായിരുന്നു കച്ചവടം. 220 രൂപ മുതലായിരുന്നു ചിക്കന്റെ ഇന്നലത്തെ വില.
വിനോദ കേന്ദ്രങ്ങളായ മാനാഞ്ചിറയും സരോവരവും അടഞ്ഞു കിടന്നു. ബീച്ച് റോഡിൽ ആളുകളെത്തിയെങ്കിലും നിയന്ത്രണ നിർദ്ദേശത്തെ തുടർന്ന് തിരിച്ചു നടന്നു. പൊതുഗതാഗതം കാര്യമായി ഇല്ലാത്തത് തിരക്ക് കുറയാൻ കാരണമായി. എന്നാൽ കാറുകളിലും ബൈക്കുകളിലും നിരവധി പേരാണ് നഗരത്തിലെത്തിയത്.