കോഴിക്കോട് : കൂറ്റൻ കടലാമയുടെ ജഡം കോഴിക്കോട് ബീച്ചിലടിഞ്ഞു. ലയൺസ് പാർക്കിന് സമീപത്തായാണ് ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇത് കരയ്ക്‌കടിഞ്ഞതെന്ന് കരുതുന്നു.
ഇന്നലെ പുലർച്ചെ നടക്കാനിറങ്ങിയ തീരദേശവാസികളാണ് ജഡം ആദ്യം കണ്ടത്. 200 കിലോ ഭാരമുണ്ട്. കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ആന്തരികാവയവങ്ങൾ ഉൾപ്പെടെ അഴുകിയ നിലയിലായിരുന്നുവെന്നും ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും അവർ പറഞ്ഞു. തുടർവ്വ് കടപ്പുറത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴി എടുത്ത് ജഡം മറവു ചെയ്തു.