കോഴിക്കോട്: ന്യൂഡൽഹിൽ നിന്നെത്തിയ യുവാവിനോട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ നടപടിയിൽ കൊയിലാണ്ടിയിൽ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കോഴിക്കോടെത്തിയ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിക്കാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ദുരനുഭവം ഉണ്ടായത്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിച്ച് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിലും കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിലുമാണ് യുവാവ് എത്തിയത്. കൊയിലാണ്ടിയിൽ
എത്തുന്നതിനു മുമ്പ് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട ഇയാളോട് കൊയിലാണ്ടിയിലെത്തിയാൽ
സ്വദേശമായ കുറുവങ്ങാടേക്ക് ഓട്ടോയിൽ പോകാനായിരുന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശം.
ഓട്ടോ ഡ്രൈവർ ക്വാറന്റൈനിൽ പോകേണ്ടി വരില്ലേയെന്ന സംശയത്തിന് ഡൽഹിയിൽ നിന്നാണെന്ന കാര്യം ഓട്ടോ ഡ്രൈവറോട് മറച്ചുവയ്ക്കാനും പറഞ്ഞു.
തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐയുടേതാണ് വിവാദ നടപടി. കൊയിലാണ്ടി ബീച്ച്, കുറവങ്ങാട് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലെ ആർ.ആർ.ടി ചുമതല ഇയാൾക്കാണ്. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മറ്രി രംഗത്തെത്തി. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവൃത്തികൾ ദുരന്തം വിളിച്ചു വരുത്തുമെന്ന് എ.ബി.വി.പി ജില്ലാ സെക്രട്ടറി കെ.ടി.ശ്യാം ശങ്കർ പറഞ്ഞു.