197 പരീക്ഷാ കേന്ദ്രങ്ങൾ
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് പുന:രാരംഭിക്കും. ജില്ലയിൽ 197 എസ്.എസ്.എൽ.സി പരീക്ഷ കേന്ദ്രങ്ങളായി. ആകെ 44,555 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്. യാത്രാസൗകര്യം പരിമിതമായി തുടരുന്ന സാഹചര്യത്തിൽ, സൗകര്യപ്രദമായ സ്ഥലത്തേക്ക് പരീക്ഷാ സെന്റർ മാറ്റാമെന്നിരിക്കെ 249 പേർ മറ്റു ജില്ലകളിൽ പരീക്ഷയെഴുതും. മറ്റു ജില്ലക്കാരായ 156 പേർ ഇവിടെയുമുണ്ടാവും.
പരീക്ഷ നടത്തിപ്പിനായി പുതുതായി 300 അദ്ധ്യാപകരെ കൂടി നിയോഗിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയ അദ്ധ്യാപകർക്ക് പകരമായി പ്രൈമറി അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.
179 കേന്ദ്രങ്ങളിലായി 92,392 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്നലെത്തോടെ പൂർത്തീകരിച്ചു. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള അണുനശീകരണയജ്ഞത്തിൽ പി.ടി.എയും വിദ്യാർത്ഥി സംഘടനകളും പങ്കാളികളായി. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെ തെർമൽ ഗൺ ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷമേ ഹാളിലേക്ക് കയറ്റുകയുള്ളൂ. സാനിറ്റൈസർ ,സോപ്പ് ഉൾപ്പെടെയുള്ള കൈകഴുകൽ സംവിധാനവും സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്.
സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാനുള്ള ഗതാഗതസൗകര്യം ഒരുക്കുന്നത് പി.ടി.എയാണ്. കെ.എസ്.ആർ.സി യുടെ ഉൾപ്പെടെ സഹായവും ലഭിക്കും. രക്ഷിതാക്കൾക്ക് എത്തിക്കാൻ കഴിയാത്ത വിദ്യാർത്ഥികളെയാണ് സ്കൂൾ ബസ്സുകളിൽ എത്തിക്കുക. സ്‌കൂൾ ബസ്സില്ലാത്ത സ്‌കൂളുകളിൽ വാടകയ്ക്ക് വാഹനങ്ങൾ ഏർപ്പാടാക്കി വിദ്യാർത്ഥികളെ എത്തിക്കും .
വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലും വിദ്യാർത്ഥികൾക്കായി ഗതാഗത സൗകര്യം ഒരുക്കുന്നുണ്ട്. വിവിധ സംഘടനകൾ മാസ്കുകൾ എത്തിച്ച് നൽകി. ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ നിന്നു എത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറി തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു മുറിയിൽ 20 പേർക്ക് മാത്രമാണ് ഇരിക്കാൻ അനുമതി. പരീക്ഷ കഴിഞ്ഞാൽ വിദ്യാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കും.