വടകര: മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ ദിവസങ്ങളോളം കടകൾ അടച്ചിടേണ്ടി വരുന്ന സെൻട്രൽ മുക്കാളിയിലെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. മുക്കാളി കാപ്പും അനുബന്ധ തോടുകളും ഓവുചാലും ചെളിനീക്കി ആഴം കൂട്ടാൻ തീരുമാനമായി. അഴിയൂർ ഗ്രാമപഞ്ചായത്തിന്റെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ചോമ്പാൽ വികസന സമിതിയും യൂനിറ്റി റസിഡൻസ് അസോസിയേഷനും വ്യാപാരി സംഘടനകളും ചേർന്നാണ് പ്രവൃത്തി നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം റീനാ രയരോത്ത്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.ടി.മഹേഷ്, അശോകൻ ചോമ്പാല , പി.കെ.രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, കെ.കെ.ശിവദാസ്, കെ.ടി.ദാമോദരൻ, ടി.ടി.നാണു, രാജേന്ദ്രൻ, അനുപമ, ടി.കെ. ജിതേഷ്, ഹരിദാസൻ, അനാമിക എന്നിവർ പ്രസംഗിച്ചു.