വടകര: കണ്ടുപഠിക്കണം മേമുണ്ട എ ച്ച്.എസ്.എസിലെ കുട്ടിപൊലീസുകാരെ. കൊവിഡ് കാലത്തും ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ് ഈ കാഡറ്റുകൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ സ്വരൂപിച്ച 25, 000 രൂപ നൽകി വേറിട്ട മാതൃകയും തീർത്തു. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനൻ ചെക്ക് ഏറ്റുവാങ്ങി. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ സമ്പാദ്യ കുടുക്കയിലെ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജൂനിയർ കാഡറ്റായ ഹൃദയ് കിരണും അനുജനും താരങ്ങളായിരുന്നു. പ്രളയകാലത്ത് മേമുണ്ടയിലെ നിരവധി എസ്.പി.സി കാഡറ്റുകൾ തങ്ങളുടെ സമ്പാദ്യ കുടുക്കയും സ്കോളർഷിപ്പ് തുകകളും ദുരിതാശ്വാസത്തിന് നൽകിയിരുന്നു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസിന്റെ നിർദ്ദേശാനുസരണം പറവകൾക്ക് കൂടിനീർ, മരം നടൽ, കൃഷി, പുസ്തക വായന, പരിസര ശുചീകരണം, മൈക്രോ ഗ്രീൻ, മാസ്ക് നിർമ്മാണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളും നടത്തുന്നു. എസ്.പി.സിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച് വടകര സ്റ്റേഷനിലെ പൊലീസുകാരായ സുനിൽ കുമാർ, ബിജി മേമുണ്ട, സ്കൂൾ അദ്ധ്യാപകരായ സി.വി.രവി, രനിഷ എന്നിവരും ഇവർക്കൊപ്പമുണ്ട്.