കോഴിക്കോട് : കേരള ബാങ്കിന്റെ കോഴിക്കോട് റീജിയണൽ ജനറൽ മാനേജർ ഇൻ ചാർജ്ജായി കെ.പി.അജയകുമാറിനെ നിയമിച്ചു. നിലവിൽ കേരള ബാങ്ക് കോഴിക്കോട് ജില്ലാ ജനറൽ മാനേജരാണ്.
പരേതരായ ബാലകൃഷ്ണ പണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനായ അജയകുമാർ കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. കൊമ്മേരി സർവീസ് സഹകരണ ബാങ്ക്, കലിക്കറ്റ് അർബൻ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം 1986 മാർച്ച് ഒന്നിന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ ക്ലാർക്ക് - കാഷ്യർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. ജില്ലാ ബാങ്കിൽ ശാഖാ മാനേജർ, സീനിയർ മാനേജർ, ഏരിയാ മാനേജർ, പി.എ. ടു അഡ്മിനിസ്‌ട്രേറ്റർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കേരള ബാങ്ക് കോഴിക്കോട് പ്രധാന ശാഖാ മാനേജർ എൻ.ഉഷയാണ് ഭാര്യ. ഏകമകൾ ആരതി സോഫ്‌റ്റ്‌വെയർ എൻജിനിയറാണ്.
കോഴിക്കോട്, വയനാട് ജില്ലകളിലെ നൂറു ശാഖകളാണ് കോഴിക്കോട് റീജിയണിൽ ഉൾപ്പെടുന്നത്. കേരള ബാങ്കിന് തിരുവനന്തപുരം ഹെഡ് ഓഫീസ് കൂടാതെ ഏഴ് റീജിയണൽ ഓഫീസുകളും എറണാകുളത്ത് കോർപ്പറേറ്റ് ഓഫീസുമാണുള്ളത്.