കോഴിക്കോട്: കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകരുടെ തലയിൽ കെട്ടി വയ്ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കെ.എച്ച്.എസ്.ടി.യു പ്രിൻസിപ്പൽ ഫോറം ആരോപിച്ചു. വിദ്യാർത്ഥികളെ വാഹനങ്ങളിൽ സ്‌കൂളിൽ എത്തിക്കാനുള്ള ചുമതല പ്രിൻസിപ്പാൾമാർക്ക് ഏറ്റെടുക്കാൻ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ ഈ ചുമതല ഏൽപ്പിക്കണം. അണുനശീകരണം ഉൾപ്പെടെ പരീക്ഷാ ജോലികൾക്ക് പുറത്തുവരുന്ന ചുമതലകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ, ദുരന്ത നിവാരണ ഏജൻസികൾ എന്നിവയ്ക്ക് നൽകണമെന്നും പ്രിൻസിപ്പൽ ഫോറം ചെയർമാൻ കെ.കെ. അബൂബക്കർ, കൺവീനർ വി.സജിത്ത്, ജോ.കൺവീനർ എ.കെ.അജീബ് എന്നിവർ ആവശ്യപ്പെട്ടു.