കൽപ്പറ്റ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കപ്പെട്ട പരീക്ഷകൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഇന്ന് (ചൊവ്വ) ആരംഭിക്കും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നിർവഹിച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. സ്‌കൂളുകൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ ആരോഗ്യ പ്രവർത്തകരെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഒരു സ്‌കൂളിൽ രണ്ട് വീതം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിക്കുക. ആശ വർക്കർമാർ, ജെ.എച്ച്.ഐ.മാർ എന്നിവരെ ഇതിനായി ഉപയോഗപ്പെടുത്തും.
വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിനായി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി., വിവിധ സ്‌കൂൾ ബസുകൾ എന്നിവ ഇതിനായി ഉപയോഗിക്കും. സ്‌കൂളിന്റെ സ്‌പെഷ്യൽ ഫണ്ട് ഉപയോഗിച്ച് ചെറു വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ട 15 കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേകം ക്ലാസ് റൂമുകൾ സജ്ജീകരിക്കും. ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയും ഇവർക്ക് വേണ്ടി ഉണ്ടാവും. വിദ്യാർത്ഥികളെ പനി പരിശോധനയ്ക്ക് വിധേയരാക്കിയാണ് സ്‌കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുക. 91 തെർമൽ സ്‌കാനറുകൾ വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. 33000 മാസ്‌കുകളും വിദ്യാർത്ഥികൾക്ക് വേണ്ടി നൽകി.

വയനാട് ജില്ലയിൽ 92 സ്‌കൂളുകളാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളിൽ നിന്നായി 4736 കുട്ടികളാണ് പരീക്ഷയ്ക്കായി എത്തുന്നത്. മറ്റു ജില്ലകളിൽ നിന്നായി 134 കുട്ടികളും, മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 49 കുട്ടികളുമാണ് പരീക്ഷയ്ക്കായി ജില്ലയിൽ എത്തുന്നത്.തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള 43 കുട്ടികളും പരീക്ഷ എഴുതും. ഇവർക്ക് പ്രത്യേകം വാഹന സൗകര്യം ഒരുക്കും.

യോഗത്തിൽ എം.എൽ.എ.മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർകേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, ഡെപ്യൂട്ടി കളക്ടർമാരായ കെ.അജീഷ്, ഇ.മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ആർ.രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.കവിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
(ചിത്രം)