 രോഗബാധിതരായ കോഴിക്കോട് സ്വദേശികൾ 50

കോഴിക്കോട്: നാലു പേർക്ക് കൂടി ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച കോഴിക്കോട്ടുകാരുടെ എണ്ണം അൻപതായി ഉയർന്നു.

രോഗബാധിതരിൽ രണ്ടു പേർ ഏറാമല സ്വദേശികളാണ്. ഒരാൾ 68-കാരൻ. മറ്റൊരാൾ 28-കാരനും. നാദാപുരം സ്വദേശിയായ 22 -കാരൻ, കട്ടിപ്പാറ സ്വദേശിയായ 40 -കാരൻ എന്നിവരാണ് മറ്റു രണ്ടു പേർ.

ആദ്യത്തെ രണ്ടു പേർ മേയ് 11 നു ചെന്നൈയിൽ നിന്ന് കാർ മാർഗം എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവായി.
മൂന്നാമത്തെയാൾ മെയ് 12 ന് ദുബായ് - കണ്ണൂർ വിമാനത്തിലാണ് എത്തിയത്. തുടർന്ന് വടകര കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടർന്ന് മേയ് 24 ന് സ്രവപരിശോധന നടത്തിയപ്പോൾ പോസിറ്റീവെന്ന് കണ്ടെത്തി.

നാലാമത്തെ വ്യക്തി മേയ് 19 ന് റിയാദ് - കോഴിക്കോട് വിമാനത്തിൽ കരിപ്പൂരിലെത്തിയതായിരുന്നു. തുടർന്ന് താമരശ്ശേരി കെയർ സെന്ററിൽ നിരീക്ഷണത്തിലായി. മേയ് 24 ന് ലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധന നടത്തിയതിൽ പോസിറ്റീവെന്ന് സ്ഥീരീകരിച്ചു. നാലു പേരും കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ഇപ്പോൾ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു.

രോഗം ഭേദമായി ആശുപത്രി വിട്ടത് 25 പേർ

ചികിത്സയിലുള്ളത് 25 പേ‌‌ർ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 12 പേർ

ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 8 പേർ

കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ