കൽപ്പറ്റ: കൊവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മീനങ്ങാടി സ്വദേശിനിയായ 45 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി എട്ടുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
രോഗലക്ഷണം സംശയിക്കുന്നവർ ഉൾപ്പെടെ 18 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്നലെ നിർദ്ദേശിക്കപ്പെട്ട 71 പേർ ഉൾപ്പെടെ 3784 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 1556 പേർ കോവിഡ് കെയർ സെന്ററുകളിലാണ്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1558 ആളുകളുടെ സാമ്പിളുകളിൽ 1376 ആളുകളുടെ ഫലം ലഭിച്ചതിൽ 1352 നെഗറ്റീവും 24 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. 177 ഫലം ലഭിക്കുവാനുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1698 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ 1407 ഫലം ലഭിച്ചതിൽ 1407 ഉം നെഗറ്റീവാണ്.
ജില്ലയിലെ 10 അന്തർ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ 623 വാഹനങ്ങളിലായി എത്തിയ 1122 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ഇന്നലെ 66 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്, ഇതിൽ 66 ഉം പൊതുജനങ്ങളിൽ നിന്നുമായിരുന്നു. പാസ്സിന്റെ ലഭ്യത, കേരളത്തിലേക്കുള്ള വാഹന സർവീസുകളെ കുറിച്ചും, നിരീക്ഷണകാലാവധി മാനദണ്ഡങ്ങൾ തുടങ്ങിയവയെ കുറിച്ചും അറിയുന്നതിനുമായിരുന്നു കൂടുതൽ വിളികളും.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് ഇന്നലെ നിരീക്ഷണത്തിലുള്ള 1806 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ ല കഴിയുന്നവർ ഇതിൽ ഉൾപ്പെടും.