കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായി 852 പേർ കൂടി ഉൾപ്പെട്ടതോടെ ആകെ 7,709 പേർ നിരീക്ഷണത്തിൽ. 52 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 46 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും 6 പേർ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. 16 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 2 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും ഡിസ്ചാർജ്ജായി.
കൊവിഡ് ബാധിതരായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് ഇതര ജില്ലക്കാരാണ് ചികിത്സയിലുള്ളത്. 3 മലപ്പുറം സ്വദേശികളും 2 കാസർകോട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും.
ഇതിനകം 27,037 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്നലെ 106 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3719 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3615 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 3557 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 104 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയിൽ ഇന്നലെ പുതുതായി പ്രവാസികൾ നിരീക്ഷണത്തിൽ വന്നിട്ടില്ല. നിലവിൽ ആകെ 1040 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 388 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 640 പേർ വീടുകളിലുമാണ്. 14 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 108 പേർ ഗർഭിണികളാണ്.