പേരാമ്പ്ര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാൻ കാർഷിക വികസന സമിതി യോഗത്തിൽ തീരുമാനം. 100 ഏക്കർ വരുന്ന കൂത്താളി ജില്ലാ കൃഷി ഫാം, സി.ആർ. പി.എഫ് കേന്ദ്രത്തിനായി നൽകിയ 40 ഏക്കറോളം സ്ഥലം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസർവോയർ തീരഭാഗങ്ങൾ, കനാൽ വൃഷ്ടി പ്രദേശങ്ങൾ എന്നിവ ലഭിച്ചാൽ കൃഷിയോഗ്യമാക്കാമെന്നു യോഗം വിലയിരുത്തി. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുനിൽ, സമിതി അംഗങ്ങളായ എൻ.കെ പ്രേമൻ, ജോസഫ് പള്ളൂരുത്തി, വി.വി. കുഞ്ഞിക്കണ്ണൻ, പ്രകാശ് മുള്ളൻ കുഴി, ബേബി കാപ്പുകാട്ടിൽ, രാജൻ വർക്കി, ടി.കെ.ഗോപാലൻ, കൃഷി അസിസ്റ്റന്റ് കെ.വി.ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ടി.ജെ.ജീജോ ജോസഫ് പദ്ധതി വിശദീകരിച്ചു.