കോഴിക്കോട്: കൊവിഡ് മുൻകരുതൽ ഉറപ്പാക്കിയും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചും ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി നൽകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാ ആരാധനാലയങ്ങളും മാസങ്ങളായി അടച്ചിട്ട് സഹകരിച്ചിട്ടുണ്ട്. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവും ഒരു മാസം നീണ്ട വിശുദ്ധ റമസാനിലും പെരുന്നാൾ ദിനത്തിലുമെല്ലാം ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ ഒഴിവാക്കി വിശ്വാസികൾ വീടുകളിൽ പ്രാർത്ഥനാ നിർഭരമാവുകയായിരുന്നു. ഇപ്പോൾ വിദ്യാർത്ഥികൾക്ക് പോലും പുറത്തിറങ്ങാനാവുന്ന രീതിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി സർക്കാർ തന്നെ പറയുന്നു. വിവാഹങ്ങളിൽ അൻപതു പേരെയും മരണാനന്തര ചടങ്ങിൽ ഇരുപത് പേരെയും പങ്കെടുപ്പിക്കുന്നതിനും തടസ്സമില്ല. ഷോപ്പുകളും ബസ് സർവീസും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്രകാലവും എല്ലാ നിർദ്ദേശങ്ങളും പാലിച്ച ബോധമുള്ള ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷാ മുൻകരുതൽ സ്വീകരിച്ച് അവ തുറക്കാൻ അനുവദിക്കണം.
ലോക്ക് ഡൗൺ നിർദ്ദേശങ്ങളിൽ ആരാധനാലയങ്ങൾക്കും ഇളവ് നൽകി വിശ്വാസി സമൂഹത്തിന്റെ ഒന്നിച്ചുള്ള പ്രാർത്ഥനകൾക്കുള്ള ആവശ്യവും സർക്കാർ പരിഗണിക്കണം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളെ പോലെ സാമൂഹ്യ അകലം ഉറപ്പാക്കി ആരാധനാലയങ്ങളിലും പ്രാർത്ഥന നടത്തുന്നതിന് ഒരു തടസ്സവുമില്ല. പ്രാർത്ഥന വിശ്വാസികളുടെ വലിയ ആയുധവും ആത്മവിശ്വാസവുമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും ആശങ്കകൾ നീങ്ങാൻ ആരാധനാലയങ്ങളിലും പ്രാർത്ഥനാനിർഭരമാവേണ്ടതുണ്ടെന്ന വിശ്വാസി സമൂഹത്തിന്റെ ആഗ്രഹത്തിന് സർക്കാർ എതിരു നിൽക്കരുതെന്നും കെ.പി.എ മജീദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.