kunnamangalam-news
ഡോ.ഹുസൈൻ മടവൂർ

കുന്ദമംഗലം: കൊവിഡ് 19 കേരളത്തിലും വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ പള്ളികൾ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതൽ ആപത്തുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പെരുന്നാളിനോടനുബന്ധിച്ച് നൽകിയ ഓൺലൈൻ സന്ദേശത്തിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

ഈ വിഷയത്തിൽ മുഖ്യമന്ത്രി മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ അഭിമുഖത്തിൽ വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ പള്ളികൾ അടച്ചിടാം എന്നു തന്നെയാണ് എല്ലാവരും അംഗീകരിച്ചത്. എന്നാൽ കടകളും മാളുകളും തുറക്കാൻ അനുമതി നൽകിയത് പോലെ പള്ളികളും നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കണമെന്ന് ചില കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ന്യൂനപക്ഷക്ഷേമ മന്ത്രിയും ഒരു നിർദ്ദേശവും അടിച്ചേൽപ്പിച്ചിട്ടില്ല. മറിച്ച്, കേരളത്തിലെ എല്ലാ മത സംഘടനാ നേതാക്കളും നിർദ്ദേശിച്ചതനുസരിച്ചാണ് ഇപ്പോഴത്തെ നില തുടരാൻ തീരുമാനിച്ചത്. യോഗത്തിൽ ആദ്യം സംസാരിച്ച സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരാണ് നിലവിലുള്ള അവസ്ഥ തുടരുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് സംസാരിച്ച എല്ലാവരും അദ്ദേഹത്തിന്റെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി അതംഗീകരിക്കുക മാത്രമാണുണ്ടായത്. രോഗബാധ കുറഞ്ഞ് സാധാരണ അവസ്ഥയിലെത്തിയാൽ വീണ്ടും യോഗം ചേർന്ന് ആലോചിച്ച് വേണ്ടത് തീരുമാനിക്കാമെന്നാണ് അന്ന് ധാരണയായത്.

പെരുന്നാളിനോടനുബന്ധിച്ച് മക്കയിലും മദീനയിലുമുൾപ്പെടെ സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കർഫ്യു ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ഓർക്കണം. സർക്കാരും ആരോഗ്യ വകുപ്പും മനുഷ്യന്റെ ജീവനും ആരോഗ്യവും നിലനിറുത്താനായി കഷ്ടപ്പെടുകയാണ്. അതിനിടയിൽ മതചടങ്ങുകളുടെ പേര് പറഞ്ഞ് വിശ്വാസികളുടെ വൈകാരികതയെ ഉപയോഗപ്പെടുത്തി ആരോഗ്യരംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് കഷ്ടമാണ്. പള്ളികളിൽ നിന്ന് കൊവിഡ് പടരാൻ അവസരമുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നു ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.