വടകര: ലോക്ക് ഡൗണിനിടയിലും കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് പി.എസ്.രഞ്ജിത്കുമാർ റംസാനിലെ 27-ാം നോമ്പ് മുടക്കിയില്ല. കഴിഞ്ഞ പതിനഞ്ച് വർഷമായി ഇദ്ദേഹം കുടുംബസമേതം 27-ാം നോമ്പ് അനുഷ്ഠിക്കുന്നുണ്ട്.
മുൻവർഷങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും മറ്റുമായി നിരവധി പേരെ പങ്കെടുപ്പിച്ചായിരുന്നു നോമ്പുതുറ. ഇക്കുറി ആളുകളെ ഊട്ടാൻ കൊവിഡ് പ്രതിബന്ധമായി. കുടുംബത്തിനൊപ്പം ഒരാൾ മാത്രമേ കൂടുതലായി ഉണ്ടായിരുന്നുള്ളൂ. 24 മണിക്കൂർ ജലപാനവും ഉറക്കവും വെടിഞ്ഞ് ഏകാദശി വ്രതാനുഷ്ഠാനവും ഇരുപതു വർഷക്കാലം ശബരിമല കയറി അയ്യപ്പദർശനവും നടത്തിയിട്ടുണ്ട് രഞ്ജിത് കുമാർ. യു ഡി എഫ് മുനിസിപ്പൽ ഏരിയ കൺവീനറുമാണ് ഇദ്ദേഹം. അമ്മ: പത്മിനി. ഭാര്യ: ഷീബ. മകൾ: അശ്വനി.