കോഴിക്കോട്: 'കൂടെയുണ്ട് അങ്കണവാടികൾ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ കൊവിഡ് പ്രതിരോധരംഗത്ത് സാന്ത്വനവഴിയിൽ പുതിയൊരു അദ്ധ്യായമായി. നേരിട്ടല്ലെങ്കിൽ പോലും ഫോണിലൂടെ കണ്ടും മിണ്ടിയും ആശങ്കകൾ തീർക്കുകയാണ് ലക്ഷ്യം. രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പ് 'കുടുംബങ്ങളിലേക്ക് അങ്കണവാടി' പദ്ധതിയുയുടെ രണ്ടാംഘട്ടമായി 'കൂടെയുണ്ട് അങ്കണവാടികൾ' ആവിഷ്‌കരിച്ചത്. ഗുണഭോക്താക്കളുടെ സൗകര്യം നോക്കി രണ്ടു തരത്തിലാണ് സമാശ്വാസപ്രവർത്തനം. ഒന്നുകിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ് വീഡിയോ കോൾ വഴിയോ, അതല്ലെങ്കിൽ മൊബൈൽ ഫോണിലെ കോൺഫറൻസ് കോൾ വഴിയോ കണ്ട് സംസാരിക്കുകയാണ്. ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനത്തിൽ അങ്കണവാടി വർക്കറും ഏഴു ഗുണഭോക്താക്കളുമാണുണ്ടാവുക. എണ്ണം ഏഴിൽ കൂടുതലായാൽ അവരെ അടുത്ത ഗ്രൂപ്പിൽ ചേർത്ത് വൈകാതെ ബന്ധപ്പെടും.

'സമ്പുഷ്ട കേരളം' പദ്ധതിയോടനുബന്ധിച്ച് ഓരോ മാസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കി സാമൂഹ്യാധിഷ്ഠിത പരിപാടികൾ ഒരുക്കുന്നുണ്ട്. 'ഗർഭകാലവും കൊവിഡും' എന്ന വിഷയമാണ് ഈ മാസത്തേത്. ഇതിന്റെ ഭാഗമായി ഗർഭിണികളുടെ ക്ഷേമം അന്വേഷിച്ച് സംശയങ്ങൾ ദുരീകരിക്കും. ഓരോ വിഷയത്തിലും ഗ്രൂപ്പ് വീഡിയോ കോൾ നടത്തുമ്പോൾ കാര്യങ്ങൾ നിരത്തേണ്ടതിന്റെ ക്രമവും അവതരണശൈലിയും പങ്കുവയ്‌ക്കേണ്ട സന്ദേശങ്ങളുമെല്ലാം വനിതാ ശിശുവികസന വകുപ്പ്

ലഭ്യമാക്കുന്നുണ്ട്.


ആദ്യഘട്ടം വൻവിജയം

കൊവിഡിന്റെ ആരംഭഘട്ടം മുതൽ അങ്കണവാടി ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. 'കുടുംബങ്ങളിലേക്ക് അങ്കണവാടി' പദ്ധതിയിലൂടെ ഫോണിൽ അറിയിപ്പുകൾ, സംശയനിവാരണം, വിവരശേഖരണം, അനുബന്ധസേവനങ്ങൾ, വയോജനങ്ങളുടെ ക്ഷേമാന്വേഷണവും വിവരശേഖരണവും തുടങ്ങിയ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഏതാണ്ട് 44 ലക്ഷം വയോജനങ്ങളുടെ വിവരശേഖരണത്തിന് പിറകെ തുടർനടപടികളിലേക്കും നീങ്ങാനായി.

1. ആകുലതകൾ പരിഹരിക്കുക

2. അടിസ്ഥാന പരിജ്ഞാനം ഉറപ്പാക്കുക

3. മാതൃകകൾ പങ്കുവയ്ക്കുക

4. സ്വഭാവ പരിവർത്തനം സൃഷ്ടിക്കുക

5. ഗുണഭോക്താക്കളുമായുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുക

"കൊവിഡ് വ്യാപന സാദ്ധ്യത കൂടിവരുമ്പോൾ സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. സംസാരിക്കുന്നതും സാന്ത്വനം പകരുന്നതും മൊബൈൽ ഫോൺ വഴിയാണെന്നിരിക്കെ സാമൂഹിക അകലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട.

മന്ത്രി കെ.കെ.ശൈലജ,

ആരോഗ്യവകുപ്പ് മന്ത്രി