കേരളത്തിലെ ഫാഷൻ ഡിസൈനർമാരുടെ നിരയിൽ മൗലികതയുടെ മുദ്ര ചാർത്തുന്നതിലൂടെ വേറിട്ടുനിൽക്കുകയാണ് ശ്രുതി കൃഷ്ണ. രണ്ടു പതിറ്റാണ്ടോളമായി ബ്രൈഡൽ ആഭരണങ്ങളുടെ ഡിസൈനിംഗിൽ സജീവസാന്നിദ്ധ്യമായ ഇവർക്ക് ഈ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കകത്ത് നിന്നു മാത്രമല്ല സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നു കൂടി ആവശ്യക്കാർ ഏറിയതോടെ സംരംഭം വിപുലീകരിച്ചിരിക്കുകയാണ്. മികവുറ്റ ജോലിക്കാരാണ് സഹായികളായുള്ളത്.
ചെറുപ്പത്തിലേ വരയ്ക്കാൻ താത്പര്യമുണ്ടായിരുന്നു. ഓർണമെന്റ് ഡിസൈനിംഗിൽ കമ്പം കയറിയതോടെ ഇൗ രംഗത്ത് കാലുറപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. ഒറ്റപ്പാലം സ്വദേശിയായ ഇവർ കോഴിക്കോട് കാരപ്പറമ്പിലാണ് താമസം.
വീടുകളുടെയും മറ്റും ഇന്റീരിയർ ഡിസൈനിംഗും ഇപ്പോൾ ശ്രുതി കൃഷ്ണ ഏറ്റെടുക്കുന്നുണ്ട്. 7 ഹോഴ്സ് കമ്പനിയുടെ ഡയറക്ടറായ ഇവർ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ പേഴ്സണൽ കൺസൾട്ടന്റ് കൂടിയാണ്.
വരയെന്ന പോലെ എഴുത്തും നന്നായി വഴങ്ങും ഇവർക്ക്. ആദ്ധ്യാത്മിക വിഷയങ്ങളെ കുറിച്ചാണ് കൂടുതലും എഴുതുന്നത്. ഡിസൈനിംഗ് സംബന്ധിച്ചും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.