251 പേർ കൂടി നിരീക്ഷണത്തിൽ
കോഴിക്കോട്: ചെറിയൊരു ഇടവേളയ്ക്കു ശേഷം കൊവിഡ് പോസിറ്റീവ് കേസ് ഒഴിഞ്ഞുനിന്ന ദിവസം. രോഗബാധിതരായി 25 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ഇവിടെ ചികിത്സയിലുള്ളത്. മലപ്പുറത്തുകാരായ 3 പേരും കാസർകോട് സ്വദേശികളായ 2 പേരും കൂടി ഇവിടെ ചികിത്സയിലുണ്ട്.
കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കണ്ണൂർ ധർമ്മടം സ്വദേശി അസിയയുടെ ( 61) മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി. സൗത്ത് ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു സംസ്കാരം.
ജില്ലയിൽ 251 പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു. ഇപ്പോൾ ആകെ 7,549 പേരാണ് നിരീക്ഷണത്തിലുള്ളത്. 27,468 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി പ്രവേശിക്കപ്പെട്ട 25 പേർ ഉൾപ്പെടെ 62 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 53 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും 9 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 15 പേർ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജായി.
ഇന്നലെ 91 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3,810 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3,754 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 3,557 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 56 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ചികിത്സയിലുള്ള കോഴിക്കോട്ടുകാർ 25 പേർ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 പേർ
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 7 പേർ
കണ്ണൂരിലും ചികിത്സയിലുള്ളവർ 5 പേർ
നിരീക്ഷണത്തിലുള്ള
പ്രവാസികൾ 1083
ജില്ലയിൽ ഇന്നലെ വന്ന 21 പേർ ഉൾപ്പെടെ ആകെ 1083 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 418 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 649 പേർ വീടുകളിലുമാണ്. 16 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 103 പേർ ഗർഭിണികളാണ്.