കോഴിക്കോട്: വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് കൊവിഡ് നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിന് ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഏറ്റെടുക്കാൻ കളക്ടറുടെ ഉത്തരവ്. ഇതിനായി ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സാംബശിവറാവു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
വാർഡ് തല ആർ.ആർ.ടികളുടെ പരിശോധനകൾക്ക് ശേഷമാണ് വീടുകൾ ഏറ്റെടുക്കേണ്ടത്.
വരും ദിവസങ്ങളിൽ മടങ്ങിയെത്താൻ അനുമതി ലഭിച്ച പ്രവാസികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
തിരിച്ചെത്തുന്ന പ്രവാസികളിൽ സ്വന്തമായി ഒഴിഞ്ഞുകിടക്കുന്ന വീടുള്ളവരുണ്ട്. ഇവർ ഒറ്റയ്ക്ക് നിരീക്ഷണത്തിൽ കഴിയാൻ താത്പര്യം കാണിച്ചാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി വീടുകളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അനുവദിക്കും. ഇത്തരക്കാർ നാട്ടിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നേരിട്ടോ 9895812073, 9446967710 എന്നീ നമ്പറുകളിലോ അറിയിക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി നൽകുന്നവരെ വിമാനത്താവളത്തിൽ നിന്ന് സർക്കാർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ സ്വന്തം വാഹനത്തിൽ നിർദ്ദിഷ്ട വീട്ടിലേക്കു പോകാം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി ലഭിച്ചവർക്ക് ഉപയോഗിക്കാനാവശ്യമായ വാഹനങ്ങളുടെ ലഭ്യത വാർഡുതല ദ്രുതകർമസേന ഉറപ്പാക്കണം. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി എല്ലാ മുൻകരുതലുകളും ഡ്രൈവർ കൈക്കൊള്ളണം. നിരീക്ഷണ നിർദ്ദേശം ലംഘിച്ചാൽ സർക്കാരിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമ നടപടി കൈക്കൊള്ളുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.