കൽപ്പറ്റ: മഴക്കാലത്ത് ജില്ലയിൽ പ്രളയക്കെടുതികൾ ഒഴിവാക്കുന്നതിന് മൈസൂർ ബീച്ചനഹള്ളി ഡാം ഷട്ടറുകൾ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്‌ മൈസൂർ ജില്ലാ കളക്ടർമാർ സംയുക്ത യോഗം ചേരും. ജൂൺ ഒന്നിന് ബീച്ചനഹള്ളിയിൽ വെച്ചാണ് യോഗം. ജില്ലാ കളക്ടർമാർക്ക് പുറമെ ബാണാസുര, കാരാപ്പുഴ ഡാം അധികാരികളും റവന്യൂ, മൈനർ ഇറിഗേഷൻ അധികൃതരും യോഗത്തിൽ പങ്കെടുക്കും.
മഴക്കാലത്ത് ജില്ലയിലെ ഡാമുകളിൽ ജലവിതാനം ക്രമീകരിക്കാൻ ഷട്ടറുകൾ തുറന്നു വിടേണ്ടതുണ്ട്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ പലപ്പോഴും സാധ്യതയുള്ളതിനാൽ ഇതേ അവസരത്തിൽ ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ തുറക്കുന്നതിൽ സമയബന്ധിതമായ ഏകോപനം കൊണ്ടുവരികയാണ് ലക്ഷ്യം.

ജൂൺ 1 മുതൽ മണ്ണെടുപ്പിന് നിരോധനം
മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ജില്ലയിൽ മണ്ണെടുപ്പ് നിരോധിക്കാൻ ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ തീരുമാനമായി. വീട് നിർമ്മാണത്തിന് നിലമൊരുക്കുന്നതിനുള്ള മണ്ണെടുപ്പും നിരോധിക്കും.
കഴിഞ്ഞ രണ്ട് പ്രളയങ്ങൾ ബാധിച്ച പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ആവശ്യമായ കണക്കെടുപ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ബന്ധു വീടുകളിലേക്ക് മാറി താമസിക്കാൻ സന്നദ്ധതയുള്ളവരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കും. പുഴകളിലെ നീരൊഴുക്ക് സുഗമ മാക്കുന്നതിനായി മണൽ നീക്കം ചെയ്യുന്ന നടപടികളും നടന്നുവരുന്നു.

യോഗത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഡെപ്യൂട്ടി കളക്ടർമാരായ കെ.അജീഷ്, ഇ.മുഹമ്മദ് യൂസഫ് എന്നിവർ പങ്കെടുത്തു.