കൽപ്പറ്റ: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പുനരാരംഭിച്ചു. എസ്.എസ്.എൽ.സി വിഭാഗത്തിൽ 11,794 പേരും വി.എച്ച്.എസ്.സി വിഭാഗത്തിൽ 1496 പേരും പരീക്ഷയെഴുതി.

വി.എച്ച്.എസ്.സി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് രാവിലെയും എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ നടന്നത്. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് കണക്കിലും വി.എച്ച്.എസ്.സിക്കാർക്ക് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് വിഷയത്തിലുമായിരുന്നു പരീക്ഷ.
വയനാട് ജില്ലയിലെ 11682 പേരും ഇതര ജില്ലക്കാരായ 151 പേരുമടക്കം 11833 പേരാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതിൽ 11794 പേർ ഇന്നലെ പരീക്ഷ എഴുതി. 39 പേർ ഹാജരായില്ല. വി.എച്ച്.എസ്.സി വിഭാഗത്തിൽ പരീക്ഷ എഴുതിയവരിൽ 7 പേർ മറ്റ് ജില്ലക്കാരാണ്. 11 പേർ വി.എച്ച്.എസ്.സി വിഭാഗത്തിലും വിവിധ കാരണങ്ങളാൽ ഹാജരായില്ല.
കർശന സുരക്ഷാ മുൻകരുലോടെയാണ് ഓരോ സ്‌കൂളിലും പരീക്ഷകൾ നടന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖാവരണം ധരിച്ചാണ് സ്‌കൂളുകളിലെത്തിയത്. തെർമൽ സ്‌കാനിംഗിന് നടത്തിയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയതിനും ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

കണ്ടെൻമെന്റ് സോണിലെ കുട്ടികൾ, നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീട്ടിലെ കുട്ടികൾ, അതിർത്തി സംസ്ഥാനങ്ങളിൽ നിന്നു വന്ന് പരീക്ഷയെഴുതുന്നവർ, പനി ഉൾപ്പെടെയുളള രോഗലക്ഷണമുളളവർ എന്നിവർക്കായി പ്രത്യേകം ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വാഹന സൗകര്യമില്ലാത്തവർക്ക് വാഹനങ്ങളും ഏർപ്പെടുത്തിയിരുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂടുതൽ സർവ്വീസുകൾ നടത്തി. ജില്ലയിലെ മുഴുവൻ സ്‌കളുകളും നേരത്തെ തന്നെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമായിരുന്നു.