കോഴിക്കോട്: ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധരാത്രി ആരംഭിക്കുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് വിലക്ക് നിലവിൽ വരും. കരയിൽ നിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരത്തേക്കാണ് നിരോധനം. ജൂലായ് 31 വരെ നീളുന്ന നിരോധന കാലയളവിൽ മത്സ്യബന്ധന ബോട്ടുകൾ ഇറങ്ങാൻ പാടില്ല. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട യാനങ്ങൾക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധനരീതിയാവാം.
ജില്ലയിൽ 1,222 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടക്കം 6,103 യാനങ്ങളാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതരസംസ്ഥാന ബോട്ടുകൾ മേയ് 31ന് മുമ്പേ കേരള തീരം വിട്ടുപോയിരിക്കണം. ജൂൺ 9ന് ശേഷം യാതൊരു കാരണവശാലും ഇവ കടലിൽ ഇറക്കാൻ അനുവദിക്കില്ല.
എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷൻ നമ്പർ ഉണ്ടായിരിക്കണം. രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗും നടത്തരുത്. നിയമവിരുദ്ധമായ എല്ലാ രീതികളും നിയമാനുസൃതം നിർവചിച്ചിട്ടില്ലാത്ത മത്സ്യബന്ധനരീതികളും കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടി സ്വീകരിക്കും. നിയമലംഘനമുണ്ടാകാതിരിക്കാനും നിരോധനം കർശനമായി നടപ്പാക്കാനും ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും തീരദേശ പൊലീസ്, മറൈൻ എൻഫോഴ്‌മെന്റ് പരിശോധനകൾ ഉറപ്പാക്കും.
രക്ഷാപ്രവർത്തനത്തിന്
13 റസ്‌ക്യു ഗാർഡുമാർ
നിരോധന കാലത്ത് കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാലു കേന്ദ്രങ്ങളിൽ 13 റസ്‌ക്യു ഗാർഡുമാരെ നിയമിക്കും. കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്‌റ്റേഷനിൽ ആരംഭിച്ചുകഴിഞ്ഞു. ട്രോളിംഗ് കാലത്ത് പട്രോളിംഗിനും സുരക്ഷാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ മൂന്ന് ബോട്ടുകളും ഒരു ഫൈബർ വള്ളവും വാടകക്കെടുത്തിട്ടുണ്ട്. ബോട്ടുകൾ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നീ ബേസുകളും ഫൈബർവള്ളം ചോമ്പാൽ ബേസ് കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുക. കൺട്രോൾറൂം നമ്പർ; 0495 2414074, 9496007038.
ഔട്ട്‌ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ 4,601
എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾ 200
ഇതര ജില്ലകളിൽ നിന്നുള്ള ബോട്ടുകൾ 600
ട്രോളിംഗ് നിരോധനകാലത്ത് കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോ മെട്രിക് കാർഡ് നിർബന്ധമായും കരുതിയിരിക്കണം. ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവിൽ ഇന്ധനം, ടൂൾ കിറ്റ് എന്നിവ വള്ളങ്ങളിൽ ഉണ്ടായിരിക്കണം.
ഡെപ്യൂട്ടി ഡയറക്ടർ,
ഫിഷറീസ്