ജില്ലയിലെ ഏറ്റവും വലിയ സാമൂഹ്യാരോഗ്യ കേന്ദ്രം

പുൽപ്പളളി: പുൽപ്പളളി പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും. ജില്ലയിലെ ഏറ്റവും വലിയ സാമൂഹ്യാരോഗ്യ കേന്ദ്രമാണിത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആരോഗ്യ കേന്ദ്രം നിർമ്മിച്ചത്.
ആശുപത്രിയുടെ താഴെയങ്ങാടിക്കടുത്തുള്ള ഒരു ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

2017 ൽ 3 കോടി രൂപ എസ്റ്റിമേറ്റിൽ സമർപ്പിച്ചാണ് നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിച്ചത്. പ്രളയം മൂലമുണ്ടായ നിർമ്മാണ സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണവും കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായതിനാൽ എസ്റ്റിമേറ്റ് പുതിയ നിരക്കിലേക്ക് മാറ്റുന്നതിന് സാധിക്കാതെ വന്നതിനാലും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് കെയർ സെന്ററിനു വേണ്ടി ആവശ്യമുള്ള കെട്ടിടങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നിർദ്ദേശപ്രകാരം അത്യാവശ്യ സർവീസിൽ ഉൾപ്പെടുത്തിയാണ് ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
മൂന്ന് നിലകളിലായി 18,000 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം. നാല് നിലകളിലേക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങളും ഫാർമസി, വെയിറ്റിംഗ് സൗകര്യത്തോടു കൂടിയ ഒ.പി സെക്ഷൻ, എല്ലാ ഭാഗങ്ങളിലും ആവശ്യത്തിനുള്ള ടോയ്‌ലെറ്റുകൾ, വാഷിംഗ് ഏരിയ, ഓപ്പറേഷൻ തിയേറ്റർ, സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരിക്കും.

(ചിത്രം)

ബത്തേരി വൈറോളജി ലാബിൽ
കെ.എഫ്.ഡി. പരിശോധന പുനരാരംഭിച്ചു

സുൽത്താൻ ബത്തേരി: ബത്തേരി വൈറോളജി ലാബിൽ കുരങ്ങുപനിക്കുള്ള കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ലാബ് പ്രവർത്തനമാരംഭിച്ചത്. ജില്ലയിൽ കുരങ്ങുപനി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പെരുകിയതോടെ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അധികൃതർ തയ്യാറാക്കിയ പ്രൊജക്ട് പ്രകാരമായിരുന്നു ഇത്. മൂന്നു കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എന്നാൽ, പ്രൊജക്ട് കാലാവധി പൂർത്തിയായതോടെ 2020 മാർച്ച് 16ന് ലാബ് പ്രവർത്തനം നിർത്തി. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നില്ല. ഇക്കൊല്ലം വീണ്ടും കെ.എഫ്.ഡി. കൂടിയതോടെ ലാബ് പ്രവർത്തിക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കി. കൊവിഡ് പശ്ചാത്തലം കൂടിയായതോടെ ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് കെ.എഫ്.ഡി. ഫലം ജില്ലയിലെത്താൻ കാലതാമസമെടുത്തു. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ലാബ് ഏറ്റെടുത്ത് പ്രവർത്തനസജ്ജമാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തിയത്.

ബത്തേരി ലാബിൽ കൊവിഡ് പരിശോധന തുടങ്ങും

സുൽത്താൻ ബത്തേരി: ബത്തേരി വൈറോളജി ലാബിൽ കുരങ്ങുപനിക്കുള്ള കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കൊവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓർഡർ ചെയ്ത 'ട്രൂനാറ്റ്' മെഷീൻ ഈ ആഴ്ചയെത്തും. നാഷണൽ ഹെൽത്ത് മിഷൻ മുഖേന മൈക്രോബയോളജിസ്റ്റിനെ നിയമിച്ചു കഴിഞ്ഞു. മെഷീൻ എത്തിക്കഴിഞ്ഞാൽ ഐ.സി.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കൊവിഡ് ടെസ്റ്റ് ലൈസൻസിന് അപേക്ഷിക്കാം. സാധാരണ നിലയിൽ മൂന്നു ദിവസത്തിനകം അംഗീകാരം ലഭിക്കും. അവശ്യ ഉപകരണങ്ങൾ എൻ.എച്ച്.എം. ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു ലാബ് ടെക്നീഷ്യന്മാർ ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശീലനം പൂർത്തിയാക്കി. പി.പി.ഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനുമുള്ള സ്ഥലവും സെഗ്മെന്റേഷൻ മുറിയുമൊക്കെ ഒരുക്കി ലാബിന്റെ സുക്ഷ ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബത്തേരി ലാബിൽ മണിക്കൂറിൽ രണ്ടു സാംപിളുകളാണ് പരിശോധിക്കാൻ കഴിയുക. ഇക്കാരണത്താൽ അടിയന്തര സ്വഭാവമുള്ള സ്രവപരിശോധനയ്ക്കാവും മുൻതൂക്കം.