കോഴിക്കോട്: നിറുത്തിവെക്കേണ്ടി വന്ന എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ നടത്തുകയെന്ന ആദ്യകടമ്പ കടന്നുകിട്ടി. ആരോഗ്യവകുപ്പ് നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു പരീക്ഷാ നടത്തിപ്പ്. ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് പുന:രാരംഭിക്കും. 46,545 പ്ലസ്ടു വിദ്യാർത്ഥികളാണ് 179 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുക.

കൊവിഡ് നിരീക്ഷണത്തിലുള്ള 16 വിദ്യാർത്ഥികൾ പ്രത്യേകം തയ്യാറാക്കിയ മുറികളിലിരുന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതി. താമരശ്ശേരി - 8, വടകര - 7, കോഴിക്കോട് - 1 എന്നിങ്ങനെയാണ് വിദ്യാഭ്യാസജില്ല തിരിച്ചുള്ള കണക്ക്.

197 കേന്ദ്രങ്ങളിലായി 44,535 വിദ്യാർത്ഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 28 കേന്ദ്രങ്ങളിലായി 5,088 വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളുമെത്തി. കൊവിഡ് 19 പശ്ചാത്തലത്തിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് പരീക്ഷാ സെന്റർ മാറ്റിയതിനാൽ പ്രകാരം 156 പേർ മറ്റു ജില്ലകളിൽ നിന്ന് ജില്ലയിൽ പരീക്ഷയെഴുതി.

മുഴുവൻ വിദ്യാർത്ഥികളും 1.45 ന് മുമ്പ് തന്നെ പരീക്ഷാഹാളിലെത്തിയിരുന്നു. തുടർന്ന് രണ്ട് മണിക്ക് പരീക്ഷ ആരംഭിച്ച് 4.30ന് അവസാനിച്ചു.

മാസ്‌ക്, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചത്. എല്ലാ സ്‌കൂളുകളിലേക്കും തെർമൽ സ്‌കാനർ ഒരുക്കിയിരുന്നു. മാസ്‌ക്, ഗ്ലൗസ് എന്നിവ അദ്ധ്യാപകർക്കും നൽകി. പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് പ്രതിനിധികളും സുരക്ഷയ്ക്കായി പൊലീസും സ്‌കൂളുകളിൽ നിലയുറപ്പിച്ചു.

കെ.എസ്.ആർ.ടി.സി കുട്ടികൾക്കായി ബസ് സർവീസ് നടത്തി. നിരവധി വിദ്യാർത്ഥികളെ രക്ഷിതാക്കൾ തന്നെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. സ്കൂൾ ബസുകളും പി.ടി.എ ഒരുക്കിയ വാഹനങ്ങളുമുണ്ടായിരുന്നു. പരീക്ഷയ്ക്ക് ശേഷം കേന്ദ്രങ്ങൾ വീണ്ടും അണുവിമുക്തമാക്കി ശുചീകരിച്ചു.

എസ്.എസ്.എൽ.സി പരീക്ഷ 28നും ഹയർ സെക്കൻഡറി പരീക്ഷ 30 നും അവസാനിക്കും.

കണക്ക് കുഴക്കിയില്ല

എസ്.എസ്.എൽ.സിക്കാർക്ക് കണക്കു പരീക്ഷയായിരുന്നു ഇന്നലെ. ലോക്ക് ഡൗണിൽ കൂടുതൽ പഠിക്കാൻ സാധിച്ചതിനാൽ പരീക്ഷ വലിയ കടമ്പയായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്ന് ഫിസിക്‌സ് പരീക്ഷയാണ്. വി.എച്ച്.എസ്.സിക്കാർക്ക് എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് പരീക്ഷയായിരുന്നു ഇന്നലെ‌.