പയ്യോളി: മഹാരാഷ്ട്രയിൽ നിന്നെത്തിയ എട്ടംഗ കുടുംബത്തെ ഹോം ക്വാറന്റൈൻ ചെയ്യുന്നതിനെതിരെ ഉയർന്നുവന്ന പ്രതിഷേധം മുസ്ലിം ലീഗിന്റെ പ്രതിഷേധമാക്കാനുള്ള പയ്യോളി നഗരസഭയുടെ ശ്രമത്തിനെതിരെ പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. നഗരസഭയ്ക്കുണ്ടായ വീഴ്ച മറച്ചുവയ്ക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ക്വാറന്റൈൻ ഒരുക്കുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളൊന്നും പാലിക്കാത്തതിനാലാണ് പ്രതിഷേധം ഉയർന്നത്. അതിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. തികച്ചും പരിസരവാസികളുടെ ഭീതിയിൽ നിന്നുണ്ടായ പ്രതിഷേധത്തെ മുസ്ലിം ലീഗിന്റെ പ്രതിഷേധമെന്ന രീതിയിൽ പർവ്വതീകരിക്കാനുള്ള ശ്രമമാണ് പയ്യോളി നഗരസഭ അദ്ധ്യക്ഷയുടെയും നഗരസഭ അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. പ്രവാസി മടക്കം പ്രഖ്യാപിച്ച ഉടൻ മുനിസിപ്പാലിറ്റിക്ക് എല്ലാ പിന്തുണയും സംഘടന നൽകിയതായും പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള പറഞ്ഞു.
മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നഗരസഭയുടെ രാഷ്ട്രീയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്നും നേതാക്കൾ വ്യക്തമാക്കി. പയ്യോളി നഗരസഭ അദ്ധ്യക്ഷയുടെ നിരുത്തരവാദപരമായ പ്രസ്താവന പ്രധിഷേധാർഹമാണെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ പറഞ്ഞു.