കോഴിക്കോട്: ലോക്ക് ഡൗണിൽ ജില്ലയിൽ കുടുങ്ങിയ 1471 പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങി. ഇന്നലെ വൈകീട്ട് 7.15ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് താലൂക്കിൽപ്പെട്ട പത്ത് വില്ലേജുകളിലെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളായിരുന്നു ഇവർ. കോഴിക്കോട് നിന്ന് കൃഷ്ണനഗർ സിറ്റി ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലേക്ക് യാത്രാക്കൂലിയിനത്തിൽ ഒരാളിൽ നിന്ന് 895 രൂപ ഈടാക്കി. 24 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. തൊഴിലാളികളെ ക്യാമ്പുകളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനും ഭക്ഷണം ഉൾപ്പെടെ നൽകി യാത്രയാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു.