ഒാർക്കാട്ടേരി: ഏറാമലയെ സ്വയംപര്യാപ്ത ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഏറാമല സർവീസ് സഹകരണ ബാങ്ക് എല്ലാ വീട്ടിലും അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് പരിധിയിലെ 8000 വീടുകളിൽ സൗജന്യമായി വിത്ത്, വളം, ജൈവകീടനാശിനികൾ എന്നിവ നൽകും. വാർഡ് തലത്തിലും വാർഡുകളിൽ 50 വീടുകൾക്ക് പ്രത്യേകമായി കാർഷിക സമിതികളും രൂപീകരിച്ചു. 29ന് രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്‌ക്കരൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.കെ.രാധാകൃഷ്ണൻ, അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് എ.കെ.അഗസ്റ്റി, അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ.സുരേഷ് എന്നിവർ പങ്കെടുക്കും. വൈസ് ചെയർമാൻ പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും ജനറൽ മാനേജർ ടി.കെ.വിനോദൻ നന്ദിയും പറയും.