കുന്ദമംഗലം: സാധാരണക്കാരനാണെങ്കിലും നൗഷാദ് തെക്കെയിലിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കടലിന്റെ ആഴമുണ്ട്. അശരണരുടെ കണ്ണീരൊപ്പി ഒപ്പം നിൽക്കുമ്പോൾ തന്റെ ജീവിതമാണ് അവരിലുള്ളതെന്നാണ് നൗഷാദിന്റെ പക്ഷം. ജർമ്മനിയിലെ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിന് നൗഷാദിന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. സിറ്റി ജനതാ കാരുണ്യം ചാരിറ്റബൾ ട്രസ്റ്റിന്റെ ലിനി സ്‌മാരക പുരസ്കാരവും നേടി.
കുന്ദമംഗലത്തിന് സമീപം ചൂലാം വയലിൽ തെക്കെയിൽ മുഹമ്മദിന്റെയും ആമിനയുടെയും മകനായ നൗഷാദ് (40) ഇരുപതാം വയസിൽ കാരുണ്യ പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ദാരിദ്ര്യം മാത്രമായിരുന്നു കൈമുതൽ. ലോറിയിലെ ക്ലീനർ ജോലിയിലൂടെയുള്ള വരുമാനത്തിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. അതിനിടെ ഭിന്നശേഷികുട്ടികൾക്കായി പതിമംഗലത്ത് സൗജന്യ പരിശീലനകേന്ദ്രം തുറന്നു. ഭിന്നശേഷികുട്ടികളെ പഠിപ്പിക്കുന്ന 490 സ്‌പെഷൽ അദ്ധ്യാപകരുടെ ശമ്പളം സർക്കാർ നിറുത്തിയപ്പോൾ ഒന്നരമാസത്തോളം തിരുവനന്തപുരത്ത് നൗഷാദും പ്രതിഷേധസമരവും നിരാഹാരവും നടത്തിയിരുന്നു. തുടർന്ന് ആറരകോടി രൂപ സ്‌പെഷ്യൽ ഫണ്ടും അനുവദിച്ചു.
നന്മയ്‌ക്കായി ഇടപെടലുകൾ ധാരാളം
അണ്ടർ 17 ലോകകപ്പ് കാണാൻ ഭിന്നശേഷികുട്ടികളുമായി നൗഷാദ് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെത്തിരുന്നു. എന്നാൽ പടികൾ കയറുവാൻ ചിലകുട്ടികൾക്ക് കഴിഞ്ഞില്ല. പലരേയും എടുത്താണ് സ്റ്രേഡിയത്തിലെത്തിച്ചത്. അടുത്തദിവസം നൗഷാദ് മനുഷ്യാവകാശകമ്മീഷനിൽ പരാതി നൽകി. ഇതോടെ എല്ലാ സ്റ്റേഡിയത്തിലും സർക്കാർ ഓഫീസുകളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക റാമ്പുകൾ നിർബന്ധമാക്കി. കണ്ടാൽ വൈകല്യം മനസിലാകുന്ന കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ തിരിച്ചറിയൽ രേഖ ആവശ്യമില്ലെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന് പിന്നിലും നൗഷാദിന്റെ ഇടപെടലായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വൈദ്യസഹായമെത്തിക്കലും തെരുവിൽ അലയുന്നവരെ പുരനധിവസിപ്പിക്കുന്നതും നിർദ്ധനർക്ക് ഭക്ഷണമെത്തിക്കലും രക്തദാനവുമെല്ലാമാണ് നൗഷാദിന്റെ പതിവുകൾ.