ചേളന്നൂർ: നിരക്ഷരർക്ക് അക്ഷര വെളിച്ചമേകിയ ഗുഡ്‌ലക്ക് തുടർവിദ്യാകേന്ദ്രം പ്രേരക് ശശികുമാർ ചേളന്നൂർ കൊവിഡ് പ്രതിരോധത്തൽ മുഴുകുകയാണിപ്പോൾ. ജെ.സി.ഐ ചേളന്നൂരിന്റെ മുൻപ്രസിഡന്റായ ശശികുമാർ കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ജൂനിയർ ചേംബർ ഇന്റർനാഷണൽ ചേളന്നൂർ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പോസ്റ്റർ പതിക്കലും സാനിറ്റൈസർ വിതരണവും നടത്തിയിരുന്നു.
പിന്നീട് പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷൻ, പ്രാഥമികാരോഗ്യകേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, കല്യാണവീട് എന്നിവിടങ്ങളിൽ മാസ്‌ക് വിതരണം ചെയ്തു. കൂടാതെ സാക്ഷരതാ സമിതിയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറിയും നൽകി. ഒപ്പം സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്കും വീടുകളിൽ ക്വാറന്റൈനിൽ ഉള്ളവർക്കും മാർഗനിർദ്ദേശവും നൽകുന്നുണ്ട്. ചേളന്നൂർ കോവിഡ് കെയർ സെന്ററിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
ലോക്ക് ഡൗണിൽ ടെറസിലെ പച്ചക്കറിക്കൃഷിയിലൂടെ ശശികുമാർ ശ്രദ്ധ നേടിയിരുന്നു. ജില്ലാ ടി.ബി ഫോറം പ്രസിഡന്റായ ശശികുമാർ ക്ഷയരോഗികൾക്ക് ഭക്ഷ്യകിറ്റും നൽകിയിരുന്നു. ദേശീയ സാക്ഷരതാ പ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന് പരിസ്ഥിതി സാമൂഹിക പ്രവർത്തനത്തിന് സർക്കാരിന്റെയും ഇതര സംഘടനകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.