നാദാപുരം: കൊവിഡ് ഹോട്ട് സ്പോട്ടായ വിശാഖപട്ടണത്തു നിന്ന് കല്ലാച്ചിയിൽ കാറിലെത്തിയ കുടുംബത്തെ പൊലീസ് തിരിച്ചയച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് യുവതിയും മകളും യുവതിയുടെ അമ്മയും അടങ്ങുന്ന കുടുംബം തെരുവൻപറമ്പ് 110 കെ.വി.സബ് സ്റ്റേഷനടുത്തുള്ള മരണം നടന്ന വീട്ടിൽ എത്തിയത്. എന്നാൽ രോഗഭീതി കാരണം കുടുംബത്തെ പ്രവേശിക്കാൻ വീട്ടുകാർ അനുവദിച്ചില്ല. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകരും പൊലീസും പതിനാലു ദിവസം ക്വാറന്റൈനിൽ നിൽക്കണമെന്ന് ഇവരോട് നിർദ്ദേശിച്ചു. എന്നാൽ ക്വാറന്റൈൻ സൗകര്യമുള്ള വീടുകൾ ഇവിടെയില്ലെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. ഇതോടെ ഇവർ തിരിച്ചു പോകാൻ തയ്യാറാവുകയായിരുന്നു.