നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷ ഇന്നലെ പുന:രാരംഭിച്ചപ്പോൾ കൊവിഡ് ഭീതിയിൽ മറ്റു വിദ്യാർത്ഥികളോടൊപ്പം ഇരിക്കാനാവില്ലെന്ന് അറിയിച്ച് വിദ്യാർത്ഥിനി പരീക്ഷ എഴുതാതെ തിരിച്ചു പോയി. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
ഉച്ചയ്ക്ക് ഒന്നേ മുക്കാലായിട്ടും പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് അധിക്യതർ പരിശോധിച്ചപ്പോൾ വെളളിയോട് ഭാഗത്തെ പെൺകുട്ടി എത്തിയിട്ടില്ലെന്ന് മനസ്സിലായി. ഉടൻ തന്നെ വിദ്യാർത്ഥിനിയുടെ വീടുമായി ബന്ധപ്പെട്ടു. അസുഖമുണ്ടെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞത്. അസുഖമുണ്ടെങ്കിൽ പ്രത്യേക മുറിയിൽ ഇരുത്താമെന്ന് സ്‌കൂൾ അധിക്യതർ പറഞ്ഞു. രണ്ടു മണിയോടെ രക്ഷിതാവിനോടൊപ്പം വിദ്യാർത്ഥിനി പരീക്ഷ സ്‌കൂളിലെത്തി.
തെർമൽ സ്‌കാനർ ഉപയോഗിച്ചു വിദ്യാർത്ഥിനിയെ പരിശോധിച്ചപ്പോൾ അസുഖത്തിന്റെ ലക്ഷണമൊന്നും കണ്ടില്ല. ഇതോടെ ക്ലാസ് മുറിയിലേക്ക് പോയി പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടു. എന്നാൽ മകൾക്ക് കൊവിഡ് ഭീതിയുണ്ടെന്നും മറ്റു കുട്ടികളോടൊപ്പം ക്ലാസിൽ ഇരുന്ന് പരീക്ഷ എഴുതാൻ ഒരുക്കമല്ലെന്നുമായി രക്ഷിതാവ്. ഉടൻ തന്നെ സ്‌കൂളിലെ പരീക്ഷ ചീഫും സ്ഥലത്തുണ്ടായിരുന്ന എ.ഇ.ഒ.യും പ്രശ്‌നം ഉന്നത വിദ്യാഭ്യാസ അധിക്യതരുടെ ശ്രദ്ധയിൽപ്പെടുത്തി. അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രമെ പ്രത്യേക മുറി അനുവദിക്കേണ്ടതുള്ളൂവെന്നായിരുന്നു നിർദ്ദേശം. അതോടെ രക്ഷിതാവ് കുട്ടിയെയും കൂട്ടി മടങ്ങുകയായിരുന്നു.