കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രധാന ലാബുകളിൽ എൻ.എച്ച്.എം മുഖേന 150 താത്കാലിക തസ്തികകളായി. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവരുടെ എണ്ണവും കൊവിഡ് രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തിപ്പെടുത്താനുള്ള തീരുമാനം. 19 റിസർച്ച് ഓഫീസർ, 65 ലാബ് ടെക്‌നീഷ്യൻ, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എൻട്രി ഓപ്പറേറ്റർ, 20 ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ 16 പുതിയ തസ്തികകളുണ്ടാവും.
മൂന്നു മാസത്തിനിടെ 55,000ൽപരം പരിശോധനകൾ നടത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പിൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന വൈറൽ ട്രാൻസ്‌പോർട്ട് മീഡയത്തിന് (വി.ടി.എം) മിക്ക സംസ്ഥാനങ്ങളിലും ക്ഷാമം നേരിടുന്നുണ്ടെങ്കിലും കേരളത്തിന്റെ സ്ഥിതി പൊതുവെ ഭദ്രമാണ്. സംസ്ഥാന പബ്ലിക് ലാബ് വി.ടി.എം സ്വന്തമായി നിർമ്മിച്ച് സംസ്ഥാനത്തുടനീളം എത്തിക്കുകയാണ്. എല്ലാ ജില്ലകളിലുമായി പരിശോധന നടത്താൻ 81,000 പി.സി.ആർ റീഏജന്റും 1 ലക്ഷം ആർ.എൻ.എ. എക്‌സ്ട്രാക്ഷൻ കിറ്റും സ്റ്റോക്കുണ്ട്. അതേസമയം, ഐ.സി.എം.ആർ വഴിയും കെ.എം.എസ്.സി.എൽ വഴിയും കൂടുതൽ കിറ്റുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നുമുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അടുത്തിടെ ആരോഗ്യ വകുപ്പിൽ ഏതാണ്ട് 6,700 താത്കാലിക തസ്തികയാണ് സൃഷ്ടിച്ചത്. നേരത്തെ അടിയന്തരസാഹചര്യം പരിഗണിച്ച് 276 ഡോക്ടർമാരെ പി.എസ്.സി മുഖേന നിയമിച്ചിരുന്നു. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കായി 273 തസ്തികകൾ സൃഷ്ടിച്ചതിൽ നിയമനം നടത്തി വരികയാണ്.
കൊവിഡ് ലാബുകൾ 20
14 സർക്കാർ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 20 കേന്ദ്രങ്ങളിലാണ് കൊവിഡ് 19 പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്. 3 മാസത്തിനിടയിലാണ് ഈ 20 ലാബുകൾ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചത്. 10 റിയൽ ടൈം പി.സി.ആർ മെഷീനുകളും അധികമായി ലഭ്യമാക്കിയിരുന്നു. തുടക്കത്തിൽ 100 പരിശോധനകൾ മാത്രം നടത്താൻ കഴിഞ്ഞ ലാബുകളിൽ ഇതിനിടയ്ക്ക് എണ്ണം ഇരട്ടിയിലേറെയാക്കാൻ സാധിച്ചു. എല്ലാ സർക്കാർ ലാബുകളിലും കൂടി ദിനംപ്രതി ശരാശരി 3000 പരിശോധന നടത്താൻ കഴിയും. അത്യാവശ്യഘട്ടങ്ങളിൽ അത് 5,000 വരെ ഉയർത്താനുമാകും.
തസ്തികകൾ ഇങ്ങനെ
തിരുവനന്തപുരം മെഡിക്കൽ കോളേജ് 7
തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് 11
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി 8
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 13
കോട്ടയം മെഡിക്കൽ കോളേജ് 16
കോട്ടയം ഇന്റർയൂണി. സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ച് 14
എറണാകുളം മെഡിക്കൽ കോളേജ് 10
തൃശൂർ മെഡിക്കൽ കോളേജ് 14
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് 16
മഞ്ചേരി മെഡിക്കൽ കോളേജ് 15
മലബാർ കാൻസർ സെന്റർ 12
കണ്ണൂർ മെഡിക്കൽ കോളേജ് 2
കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റി 12