കോഴിക്കോട്: വൃദ്ധർ മാത്രം താമസിക്കുന്ന വീടിന് മുന്നിലെ മലിനജല ഓവുചാൽ മാറ്റാത്തതിന് കോഴിക്കോട് നഗരസഭയ്‌ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു.
കുതിരവട്ടം അഭിലാഷിൽ സരസ്വതി അമ്മയുടെ വീടിന് മുന്നിലെ ഓവുചാൽ പരിശോധിച്ച് അടിയന്തര നടപടി സീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നഗരസഭ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. നടപടിയെടുത്ത ശേഷം മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
നീതി തേടി രണ്ട് വർഷമായി സരസ്വതി ഓഫീസുകൾ കയറിയിറങ്ങുകയാണ്. മലിനജലം കെട്ടിനിൽക്കുന്നത് കാരണം പകർച്ചവ്യാധികൾ പിടികൂടുകയാണെന്നാണ് പരാതി. മറ്റൊരു ഓവുചാൽ നിർമ്മിച്ച് കോട്ടൂളി കുതിരവട്ടം റോഡിലെ തോട്ടിലേക്ക് യോജിപ്പിച്ച് സരസ്വതിയുടെ വീടിന് മുന്നിലേത് അടയ്‌ക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കിയെങ്കിലും നടന്നില്ല. കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.